Advertisement
Daily News
ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മലയാളി റെജി ജോസഫ് മോചിതനായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jul 06, 10:02 am
Wednesday, 6th July 2016, 3:32 pm

reji joseph

ന്യൂദല്‍ഹി: ആഭ്യന്തരയുദ്ധം നടക്കുന്ന ലിബിയയില്‍വച്ച് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മലയാളിയായ റെജി ജോസഫ് മോചിതനായി. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലിബിയയിലെ ഇന്ത്യന്‍ അംബാസഡര്‍ അസര്‍ എ.എച്ച് ഖാന്റെ പ്രവര്‍ത്തനഫലമായാണ് റെജി ജോസഫ് മോചിതനായതെന്ന് സുഷമ ട്വിറ്ററില്‍ വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ച് 31നാണ് ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിലെ ജോലി സ്ഥലത്തു നിന്നും കൂരാച്ചൂണ്ട് സ്വദേശി ഐ.ടി ഉദ്യോഗസ്ഥനായ റെജിയെയും സംഘത്തെയും തട്ടിക്കൊണ്ടുപോയത്. സി.ആര്‍.എ (സിവിലിയന്‍ റജിസ്‌ട്രേഷന്‍ അതോറിറ്റി)യുടെ പ്രോജക്ടുമായി ബന്ധപ്പെട്ട ജോലിയാണ് റെജി ചെയ്തു വന്നിരുന്നത്. റെജിക്കൊപ്പം തടവിലായവര്‍ ലിബിയന്‍ സ്വദേശികളായിരുന്നു.

രണ്ടു വര്‍ഷമായി റെജി കുടുംബത്തോടൊപ്പം ലിബിയയിലാണ്. റെജി രണ്ടാം തവണയാണ് ലിബിയയില്‍ ജോലിക്കു പോയത്. 2007ല്‍ ആദ്യം പോയി 2011ല്‍ തിരിച്ചെത്തി.