| Thursday, 26th September 2024, 2:07 pm

ലെബനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി; ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ ലെബനന്‍ വിടണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെ്‌യ്‌റൂട്ട്: ലെബനനില്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസി. മേഖലയിലെ സമീപകാല സംഭവങ്ങള്‍ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലെബനനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് അറിയിപ്പ് നല്‍കി.

ഇതിന് പുറമെ നിലവില്‍ ലെബനനിലുള്ള എല്ലാ ഇന്ത്യക്കാരും രാജ്യം വിടണമെന്നും എംബസി അറിയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ലെബനന്‍ വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

‘2024 ഓഗസ്റ്റ് ഒന്നിന് പുറപ്പെടുവിച്ചനിര്‍ദേശത്തിന്റെ ആവര്‍ത്തനമെന്ന നിലയില്‍, ലെബനനിലെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യന്‍ പൗരന്മാരോട് നിര്‍ദേശിക്കുകയാണ്.

‘ലെബനില്‍ താമസിക്കുന്ന എല്ലാ ഇന്ത്യക്കാരോടും ലെബനന്‍ വിടാന്‍ ശക്തമായി ഉപദേശിക്കുന്നു. എന്നാല്‍ മറ്റു കാരണങ്ങളാല്‍ ലെബനനില്‍ തന്നെ തങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. ഇവര്‍ അവരുടെ സഞ്ചാരങ്ങള്‍ നിയന്ത്രിക്കണമെന്നും ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസിയുമായി ഇമെയില്‍ വഴി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശിക്കുന്നു; cons.beirut@mea.gov.in. എമര്‍ജന്‍സി ഫോണ്‍ നമ്പര്‍ +96176860128. എംബസിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

അതേസമയം ലെബനില്‍ കരയുദ്ധം നടത്താനുള്ള തയ്യാറെടുപ്പുകള്‍ ഇസ്രഈല്‍ ആരംഭിച്ചതായി ഇസ്രഈല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) ചീഫ് ജനറല്‍ ഓഫ് സ്റ്റാഫ് ഹെര്‍സി ഹലൈവി അറിയിച്ചു. വ്യോമാക്രമണം ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 600 ലധികം ലെബനന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഐ.ഡി.എഫ് ആക്രമണത്തില്‍ മരിച്ച 558 പേരില്‍ 50 പേര്‍ കുട്ടികളാണെന്നും 1,835 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Indian embassy advise citizens to avoid travel to Lebanon

We use cookies to give you the best possible experience. Learn more