|

2025ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ ദുര്‍ബലപ്പെടും; ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2025ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമാകുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) മേനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ. ആഗോള തലത്തില്‍ ഈ വര്‍ഷം ചില അസ്ഥിരതകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമായേക്കാമെന്ന് പറഞ്ഞെങ്കിലും ക്രിസ്റ്റലീന ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരണത്തിന് തയ്യാറായില്ലെന്നും വേള്‍ഡ് ഇക്കോണമി ഔട്ട്‌ലുക്കിന്റെ പ്രതിവാര റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ച് വിശദാംശങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ പ്രകടനം പ്രതീക്ഷിച്ചതിലും മെച്ചപ്പെടുമെന്നും യൂറോപ്യന്‍ യൂണിയന്‍ മാറ്റമില്ലാതെ തുടരുമെന്നും ചൈന പണചുരുക്ക സമ്മര്‍ദത്തെ അഭിമുഖീകരിക്കുകയാണെന്നുമാണ് ഐ.എം.എഫിന്റെ വിലയിരുത്തല്‍.

2025ല്‍ പൊതുവില്‍ ആഗോളവളര്‍ച്ച സുസ്ഥിരമായിരിക്കുമെന്നും എന്നാല്‍ പ്രാദേശികമായി ചില മാറ്റങ്ങളുണ്ടാവുമെന്നും പറഞ്ഞ ക്രിസ്റ്റലീന ജോര്‍ജീവ വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ക്ക് കൂടുതല്‍ ആഘാതം നേരിടേണ്ടി വരുമെന്നും ജോര്‍ജീവ പറഞ്ഞു.

നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച 6.4 ശതമാനത്തിലേക്ക് ഇടിയുമെന്ന് ദേശീയ സ്ഥിതിവിവര കാര്യാലയത്തിന്റെ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

2023-24 സാമ്പത്തിക വര്‍ഷത്തില് 8.2 ശതനാമത്തോളം സാമ്പത്തിക വളര്‍ച്ച രാജ്യത്തിനുണ്ടായിരുന്നു. ഇതില്‍ നിന്ന് രണ്ട് ശതമാനത്തോളം ഇടിവുണ്ടാവുമെന്നാണ് ദേശീയ സ്ഥിതിവിവര കാര്യാലയത്തിന്റെ മുന്നറിയിപ്പ്.

നാലുവര്‍ഷത്തെ കുറഞ്ഞ വളര്‍ച്ചാ നിരക്കിലേക്ക് ഇന്ത്യ കൂപ്പുകുത്തുന്നെന്ന് വിവിധ ധനകാര്യ അജന്‍സികളും പ്രവചിച്ചിരുന്നു. ഉത്പ്പന്ന നിര്‍മാണ മേഖലയിലെ മുരടിപ്പും നിക്ഷേപത്തില്‍ വന്ന ഇടിവും സമ്പദ് വ്യവസ്ഥയെ പിന്നോട്ട് വലിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Content Highlight: Indian economy will weaken further in 2025; IMF chief Kristalina Georgieva

Latest Stories