| Friday, 3rd September 2021, 8:08 pm

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൊവിഡിന് മുമ്പുള്ള നിലയിലെത്താന്‍ ഇനി മാസങ്ങള്‍ മാത്രമെന്ന് ധനമന്ത്രാലയ പ്രിന്‍സിപ്പല്‍ സാമ്പത്തിക ഉപദേഷ്ടാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൊവിഡിന് മുമ്പുള്ള നിലയിലെത്തുമെന്ന് ധനമന്ത്രാലയത്തിന്റെ പ്രിന്‍സിപ്പല്‍ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍.

ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തോടെ സമ്പദ് വ്യവസ്ഥ കൊവിഡിന് മുമ്പുള്ള നിലയിലെത്തുമെന്നാണ് സന്യാല്‍ പറഞ്ഞത്.

ഡിമാന്റ് വളരെ ശക്തമായി തിരിച്ചുവരുന്നുണ്ടെന്നും ആഭ്യന്തര ഡിമാന്റ് മാത്രമല്ല, കയറ്റുമതിയും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചരക്ക് കയറ്റുമതിയിലും സേവന കയറ്റുമതിയിലും 45 ശതമാനം മികച്ച വളര്‍ച്ച കൈവരിച്ചതായി ആഗസ്റ്റിലെ വാര്‍ഷിക വളര്‍ച്ചയില്‍ കാണാമെന്നും 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൊവിഡിന് മുമ്പുള്ള തലത്തിലെത്തുമെന്നും സന്യാല്‍ പറഞ്ഞു.

വലിയ ആഘാതങ്ങളൊന്നും ഉണ്ടായില്ലങ്കില്‍, ഈ വര്‍ഷം മാത്രമല്ല, അടുത്ത വര്‍ഷവും ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുന്നതിനുള്ള പോക്കിലാണ് നമ്മുടെ സമ്പദ് വ്യവസ്ഥയെന്നും സന്യാല്‍ പറയുന്നു.

കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച കനത്ത പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യ അതിവേഗം കരകയറുന്നുവെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് കേന്ദ്രം പുറത്തുവിട്ടിരുന്നു.

നടപ്പുവര്‍ഷത്തെ (2021-22) ഒന്നാംപാദമായ ഏപ്രില്‍-ജൂണിലെ 20.1 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ചയാണ് ഉണ്ടായത്

വളര്‍ച്ചാ സ്ഥിരതയുള്ള കൃഷിക്ക് പുറമേ മുന്‍പാദങ്ങളില്‍ തളര്‍ച്ചയിലായിരുന്ന മാനുഫാക്ചറിംഗ്, നിര്‍മ്മാണം, വ്യാപാരം, ഖനന മേഖലകളും മികച്ച തിരിച്ചുവരവ് നടത്തിയത് ജി.ഡി.പിയുടെ വളര്‍ച്ചയക്ക് സഹായകമായി.

2020-21ലെ ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ കൊവിഡും ദേശീയ ലോക്ക്ഡൗണും മൂലം ജി.ഡി.പി വളര്‍ച്ച എക്കാലത്തെയും താഴ്ചയായ നെഗറ്റീവ് 24.4 ശതമാനത്തിലേക്ക് തകര്‍ന്നടിഞ്ഞിരുന്നു.

കഴിഞ്ഞവര്‍ഷത്തെ നാലാംപാദമായ ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ വളര്‍ച്ച പോസിറ്റീവ് 1.6 ശതമാനവുമായിരുന്നു. 2020 ഏപ്രില്‍-ജൂണ്‍ മാസത്തില്‍ വലിയ സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും മോശം ജി.ഡി.പി വളര്‍ച്ച നേരിട്ടത് ഇന്ത്യയായിരുന്നു.

എന്നാല്‍, ഇക്കുറി ഏറ്റവും മികച്ച വളര്‍ച്ചയുമായി ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന നിലയിലേക്ക് എത്തിയതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ചൈന, അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി, ബ്രിട്ടന്‍, ഇറ്റലി, ഫ്രാന്‍സ്, കാനഡ, ബ്രസീല്‍ എന്നിവയുടെയെല്ലാം ഒന്നാംപാദ വളര്‍ച്ച ഇന്ത്യയ്ക്ക് പിന്നിലാണ്.
അതേസമയം, കഴിഞ്ഞവര്‍ഷത്തെ മോശം പ്രകടനവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇക്കുറി ജി.ഡി.പിയും മാനുഫാക്ചറിംഗ് ഉള്‍പ്പെടെയുള്ള നിര്‍ണായക മേഖലകളും വലിയ വളര്‍ച്ച നേടിയതായി കാണുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Indian economy will reach pre-Covid levels by December, says Sanjeev Sanyal

We use cookies to give you the best possible experience. Learn more