| Thursday, 12th March 2020, 5:10 pm

'സമ്പദ് വ്യവസ്ഥ കൊറോണ വൈറസിന്റെ പിടിയില്‍'; എസ്.ബി.ഐ പലിശ നിരക്ക് കുറച്ചത് മോദിയുടെ കൂട്ടുകാര്‍ക്ക് വേണ്ടിയെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ‘കൊറോണ വൈറസി’ന്റെ പിടിയിലാണെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിശദമായ പ്രസ്താവന നല്‍കണമെന്നും കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തു.

സേവിങ്‌സ് അക്കൗണ്ടുകള്‍ക്കും ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്കും എസ്.ബി.ഐ പലിശ നിരക്ക് കുറച്ചത് നരേന്ദ്രമോദിയുടെ സുഹൃത്തുക്കളായ വായ്പാ തിരിച്ചടവ് നേരിടുന്ന യെസ് ബാങ്കിനെ സഹായിക്കാനാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

സെന്‍സെക്‌സ് 2,700 പോയിന്റ് തകര്‍ന്നത് 11 ലക്ഷം നിക്ഷേപകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

‘ഓഹരി വിപണിയിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപമുള്ളവര്‍ കടുത്ത നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്. 72 മണിക്കൂറുകൊണ്ട് ചെടുകിട, ഇടത്തരം നിക്ഷേപകര്‍ക്ക് നഷ്ടമായത് 18 ലക്ഷം കോടി രൂപയാണ്. ശമ്പളക്കാരുടെയും ചെറുകിട നിക്ഷേപകരുടേയും പണമാണിത്’, സുര്‍ജേവാല പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ കൊറോണാ വൈറസിന്റെ പിടിയിലാണെന്നും എന്നിട്ടും പ്രധാനമന്ത്രിയും നിര്‍മലാ സീതാരാമനും നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more