| Tuesday, 10th September 2019, 3:50 pm

#IndianEconomy അമിത് ഷാ നിങ്ങള്‍ പറയുന്നത് സത്യമാണെങ്കില്‍ ഈ കണക്കുകള്‍ എന്താണ്?

ജിതിന്‍ ടി പി

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ചിദംബരം ഡി.കെ ശിവകുമാര്‍ എന്നിവരുടെ അറസ്റ്റ്, അസമിലെ എന്‍.ആര്‍.സി ലിസ്റ്റ്… കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കോലാഹലങ്ങളുണ്ടാക്കി പൊതുജനശ്രദ്ധയാകര്‍ഷിച്ച വാര്‍ത്തകളാണിവ. രാജ്യം കേള്‍ക്കേണ്ട, ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളാണിവ എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

രണ്ടാം മോദി സര്‍ക്കാര്‍ വലിയ വീരവാദത്തോടെ ഇക്കാര്യങ്ങളെയെല്ലാം അവതരിപ്പിക്കുമ്പോള്‍, ദേശീയ മാധ്യമങ്ങള്‍ അതിനെ പ്രൈം ടൈം ചര്‍ച്ചകളിലേക്ക് കൊണ്ടുപോകുമ്പോള്‍ രാജ്യത്തിന്റെ ശ്രദ്ധയില്‍ നിന്ന് മറഞ്ഞുപോകുന്ന ഒരു കാര്യമുണ്ട്.

ഇന്ത്യയുടെ സാമ്പത്തിക രംഗം. അനുദിനം രാജ്യത്തിന്റെ ഓരോ വിപണിയേയും മാന്ദ്യം പിടികൂടുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതായത് ഇന്ത്യന്‍ സാമ്പത്തികരംഗം അതിവേഗം വളരുന്നെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും വാണിജ്യമന്ത്രി പിയൂഷ് ഗോയലും അവകാശപ്പെടുന്ന അതേസമയം ഇന്ത്യയിലെ വ്യവസായ സ്ഥാപനങ്ങള്‍ തൊഴില്‍ വെട്ടിക്കുറക്കുകയും ഉല്‍പ്പാദനം നിര്‍ത്തുകയുമാണ്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നെന്ന സൂചനകള്‍ വ്യക്തമാക്കി ഓഹരിവിപണി കൂപ്പുകുത്തുകയാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. എൗസ് ആന്റ് പി ,ബി.എസ്.ഇ സെന്‍സെക്സും എന്‍.എസ്.ഇ നിഫ്റ്റി 50 സൂചികകളും കുത്തനെ താഴ്ന്നു. കഴിഞ്ഞ ആറ് വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനത്തിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്നതിന്റെ വലിയ സൂചനയായാണ് സാമ്പത്തിക വിദഗ്ധര്‍ ഇതിനെ കാണുന്നത്. ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയിലും ടെക്സറ്റയില്‍ മേഖലയിലും അടക്കം രാജ്യത്തെ വ്യാപാരമേഖല കടുത്ത പ്രതിസന്ധിയിലാണ്.

കഴിഞ്ഞ മോദി സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക ‘പരിഷ്‌കാരങ്ങളായ’ നോട്ടുനിരോധനവും ജി.എസ്.ടിയും സാമ്പത്തിക മേഖലയെ എത്രത്തോളം പിന്നോട്ടടിപ്പിച്ചു എന്നതിന്റെ സൂചകങ്ങളാണ് ഇപ്പോള്‍ കാണുന്ന മാന്ദ്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജി.ഡി.പി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായത് വരുന്ന വലിയൊരു സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ്. നിര്‍മാണ രംഗം 0.6 ശതമാനം ഇടിഞ്ഞു. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ വന്‍ തിരിച്ചടിയായി. ജി.എസ്.ടി വികലമായ നടപ്പിലാക്കിയതും സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയായി’ -മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വാക്കുകളാണിത്.

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്നത് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ജൂലൈയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഇത് പ്രകാരം രാജ്യത്തെ എട്ട് പ്രധാന മേഖലകളുടെ വളര്‍ച്ചാ നിരക്കില്‍ വലിയ ഇടിവ് ഉണ്ടായതായി ചൂണ്ടിക്കാട്ടുന്നു.
സംയോജിത വളര്‍ച്ച (കമ്പയിന്‍ഡ് ഗ്രോത്ത് ) 2.1 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.3 ശതമാനമായിരുന്നു.

കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍, വളം, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നിവയാണ് എട്ട് പ്രധാന വ്യവസായങ്ങള്‍.

ക്യു 1 ഡാറ്റ പ്രകാരം കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉല്‍പാദനം ജൂലൈയില്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അവരുടെ വളര്‍ച്ച കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7.3 ശതമാനമായി ഉയരുകയാണുണ്ടായത്.

2019-20 വര്‍ഷത്തെ ആദ്യ പാദത്തിലെ മൊത്തം വളര്‍ച്ചാ നിരക്ക് സി.എസ്.ഒ കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ 5.8 ശതമാനത്തില്‍ നിന്ന് ഇത് അഞ്ച് ശതമാനമായി കുറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖല ഞെരുങ്ങുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി വില്‍പനയില്‍ ഓഗസ്റ്റില്‍ മാത്രം നേരിട്ടത് 32.7 ശതമാനത്തിന്റെ ഇടിവാണ്. മാരുതിയുടെ 1,06,413 കാറുകള്‍ മാത്രമാണ് ഈ ഓഗസ്റ്റില്‍ വിറ്റുപോയത്. 2018 ഓഗസ്റ്റില്‍ മാരുതി സുസുക്കി 1,58,189 കാറുകള്‍ വിറ്റിരുന്നു

പ്രാദേശിക വിപണിയില്‍ 34.3 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2018 ഓഗസ്റ്റില്‍ പ്രാദേശികമായി 1,47,700 കാറുകള്‍ വിറ്റിടത്ത് ഇത്തവണ 97,061 കാറുകള്‍ മാത്രമാണ് വിറ്റുപോയത്.

ആള്‍ട്ടോ, വാഗണര്‍ പോലെയുള്ള ചെറിയ കാറുകളുടെ വിപണനത്തിലും ഇടിവ് വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 35,895 ചെറുകാറുകള്‍ വിറ്റപ്പോള്‍ ഇത്തവണ അത് 10,123 ആയി കുറഞ്ഞു. അതായത്, ഈ ഇനം കാറുകളുടെ വില്‍പനയില്‍ 71.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

മാരുതിയുടെ കോംപാക്ട് വിഭാഗം കാറുകളായ സ്വിഫ്റ്റ്, സെലാറിയോ, ഇഗ്നിസ്, ബലേനോ, ഡിസയര്‍ എന്നിവയുടെ വിപണി 23.9 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ 71,364 കോംപാക്ട് കാറുകള്‍ വിറ്റുപോയി. ഇത്തവണ 54,274 എണ്ണമായി കുറഞ്ഞു.

ഇടത്തരം വലിപ്പം വരുന്ന സിയാസ് കാറുകളില്‍ 1,596 എണ്ണമാണ് ഈ ഓഗസ്റ്റില്‍ വിറ്റുപോയത്. അതേസമയം, കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ വില്‍ക്കപ്പെട്ട സിയാസ് കാറുകളുടെ എണ്ണം 7,002 ആയിരുന്നു.

പ്രാദേശിക വിപണിയില്‍ മാത്രമല്ല, വാഹനത്തിന്റെ കയറ്റുമതിയിലും ഇടിവുണ്ടായി. കയറ്റുമതിയില്‍ 10.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 10,489 കാറുകള്‍ കയറ്റുമതി ചെയ്തിരുന്നു. ഈ ഓഗസറ്റില്‍ ഇത് 9,352 ആയി കുറഞ്ഞു.

മാരുതി സുസുക്കി അതിരൂക്ഷമായ സാമ്പത്തിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്ന് വ്യക്തമാക്കുന്ന നിരവധി വാര്‍ത്തകളാണ് ഓഗസ്റ്റ് മാസത്തില്‍ മാത്രം പുറത്തുവന്നത്.

മാരുതി ഹരിയാനയിലെ ഗുരുഗ്രാം പ്ലാന്റിലെ 10 ശതമാനം കരാര്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത അവധി നല്‍കിയതും 3000 താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചതും അവയില്‍ പ്രധാനപ്പെട്ടവയാണ്.

ജൂലൈ മാസത്തില്‍ മാരുതിയുടെ വില്‍പ്പന 34 ശതമാനം ഇടിഞ്ഞിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന നികുതിയും ഗണ്യമായി വര്‍ധിച്ചത് കാറിന്റെ വിലയെ കാര്യമായി ബാധിച്ചു. ഇത് കമ്പനിയ്ക്ക് താങ്ങാനാവുന്നതല്ലെന്ന് ഷെയര്‍ഹോള്‍ഡര്‍മാരുടെ യോഗത്തില്‍ മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ തുറന്നുപറഞ്ഞിരുന്നു

മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ വില്‍പനയില്‍ ഓഗസ്റ്റ് മാസത്തില്‍ മാത്രം 25 ശതമാനത്തിന്റെ ഇടിവ് ഉണ്ടായെന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കമ്പനി 2018 ഓഗസ്റ്റില്‍ വിറ്റ കാറുകളുടെ എണ്ണം 48,324 ആണ്. അതേസമയം, ഓഗസ്റ്റില്‍ 36,085 കാറുകള്‍ മാത്രമാണ് വിറ്റുപോയത്.

പ്രാദേശിക വിപണിയില്‍ 26 ശതമാനത്തിന്റെ ഇടിവുണ്ടായി. 2018 ഓഗസ്റ്റില്‍ 45,373 കാറുകള്‍ പ്രാദേശിക മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ കഴിഞ്ഞ കമ്പനിക്ക് പക്ഷേ, ഇത്തവണ വില്‍ക്കാനായത് 33,564 കാറുകള്‍ മാത്രമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കമ്പനിയുടെ കയറ്റുമതിയിലും 15 ശതമാനത്തിന്റെ ഇടിവ് ഉണ്ടായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 2,951 കാറുകള്‍ കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞിരുന്നു. ഇത്തവണയത് 2,521 ആയി കുറഞ്ഞു.

മഹീന്ദ്രയുടെ യൂട്ടിലിറ്റി വാഹനങ്ങള്‍, കാര്‍, വാന്‍ തുടങ്ങിയവയില്‍ ഓഗസ്റ്റ് മാസം ആകെ വിറ്റുപോയത് 13,507 എണ്ണം മാത്രമാണ്. എന്നാല്‍, ഇത്തരം വാഹനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 19,758 എണ്ണം വിറ്റിരുന്നു. അതായത് ഈ വാഹനങ്ങളുടെ വില്‍പനയില്‍ മാത്രം 32 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്.

കമ്പനിയുടെ വാണിജ്യ ആവശ്യത്തിനായുള്ള വാഹനങ്ങളുടെ വിപണിയും രൂക്ഷമായ ഞെരുക്കത്തിലാണ്. ഓഗസ്റ്റില്‍ 14,684 വാഹനങ്ങള്‍ മാത്രമാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 20,326 വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞിടത്താണ് ഈ ഇടിവ്. 28 ശതമാനത്തിന്റെ ഇടിവാണ് ഈ ഇനത്തിലുണ്ടായത്.

ഇന്‍ഡസ്ട്രി വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഫെസ്റ്റിവല്‍ സീസണില്‍ മാത്രമാണ് പ്രതീക്ഷയെന്നും മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ തലവന്‍ വിജയ് റാം നക്ര അഭിപ്രായപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മറ്റ് വാഹനനിര്‍മ്മാതാക്കളും തൊഴിലാളികളെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. മാരുതിക്കൊപ്പം അശോക് ലെയ്‌ലാന്റ്, ടി.വി.എസ്, ഹീറോ, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ തെരഞ്ഞെടുത്ത നിര്‍മ്മാണ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചിരുന്നു.

ഹീറോ കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റുകള്‍ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ടാറ്റയുടെ ജംഷഡ്പൂരിലെ പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. ആഗസ്റ്റില്‍ മൂന്ന് തവണയാണ് ടാറ്റയുടെ പ്ലാന്റുകള്‍ രണ്ടുദിവസം വീതം അടച്ചിടുന്നത്.

ടാറ്റാ മോട്ടോഴ്സ് ഉല്‍പാദനം ഗണ്യമായി കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഷിഫ്റ്റുകളനുസരിച്ച് കരാര്‍ ജീവനക്കാരെ ഒഴിവാക്കും. ടി.വി.എസിന്റെ സ്പെയര്‍ പാര്‍ട്സ് നിര്‍മ്മാണ ശാലകളില്‍ പ്രവൃത്തി രഹിത ദിനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബോഷ് തമിഴ്‌നാട്ടിലെയും മഹാരാഷ്ട്രയിലെയും ഫാക്ടറികള്‍ 13 ദിവസം അടച്ചിടും.

സ്‌പെയര്‍പാര്‍ട്‌സ് നിര്‍മാണമേഖലയില്‍ 11 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ പത്ത് വാഹനനിര്‍മ്മാണ ഹബ്ബുകളിലൊന്നായ ചെന്നൈയില്‍ രണ്ട് മാസത്തിനിടെ അയ്യായിരം തൊഴിലാളികളെ പിരിച്ചുവിട്ടു.

ജൂലൈയില്‍ വാഹന വില്‍പ്പന വിപണിയില്‍ 19 ശതമാനമാണ് ഇടിവ്. നിര്‍മാണത്തിലും 11 ശതമാനം കുറവുണ്ടായി. കാര്‍ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 31 ശതമാനമാണ് ഇടിവ്. മാന്ദ്യം രൂക്ഷമായ കഴിഞ്ഞ നാലുമാസത്തിനിടെ 226 വില്‍പനശാലകള്‍ അടച്ചിട്ടു. ഇതുവഴി രാജ്യത്തൊട്ടാകെ മൂന്നര ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.

2000 ഡിസംബറിനുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്.

മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ ബജാജിന് 21% കച്ചവടമാണ് കഴിഞ്ഞ മാസം കുറഞ്ഞത്. കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ മേഖലയില്‍ 6% വില്‍പ്പനയും കുറഞ്ഞു. ടി.വി.എസിന് മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പനയില്‍ 20% ഇടിവ് സംഭവിച്ചു.

അശോക് ലെയ്‌ലന്‍ഡിന് വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. വാഹന വില്‍പ്പന നേരെ പകുതിയായി കുറയുകയാണ് ആഗസ്ത് മാസത്തില്‍ സംഭവിച്ചത്. ദോസ്ത്, മിനി ട്രക്ക് പോലുള്ള വാഹനങ്ങളുടെ മേഖലയില്‍ 11% വില്‍പ്പനയാണ് ഇടിഞ്ഞതെങ്കില്‍ വലിയ കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 63% ഇടിവാണ് ഉണ്ടായത്.

ഇന്ത്യയുടെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ ഏഴ് ശതമാനം മോട്ടോര്‍വാഹന നിര്‍മാണ മേഖലയില്‍നിന്നാണ്. വിപണി പിടിച്ചുനിര്‍ത്തുന്നതില്‍ വാഹനമേഖലയ്ക്ക് നിര്‍ണായക പങ്കാണുള്ളത്. ഇന്ത്യയില്‍ ഒരുവര്‍ഷത്തിനിടെ മുന്നൂറോളം ഡീലര്‍മാര്‍ ഷോറൂമുകള്‍ അടച്ചുപൂട്ടിയെന്നും 2.3 ലക്ഷം പേര്‍ക്ക് ജോലി നഷ്ടമായെന്നുമാണ് കണക്കാക്കപ്പെടുന്നത്.

ആഗോള സാമ്പത്തിക മേഖലയിലുണ്ടായിരിക്കുന്ന തകര്‍ച്ചയും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ 70 വര്‍ഷമായി അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞത് അടുത്തിടെയാണ്.

‘കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ പണലഭ്യതയില്‍ ഇത്രയും മാന്ദ്യം രാജ്യം അഭിമുഖീകരിച്ചിട്ടില്ല. സമ്പദ്ഘടനയില്‍ പണലഭ്യത കുറഞ്ഞതില്‍ ആശങ്കയുണ്ട്.’

സാമ്പത്തികമേഖലയാകെ മുരടിപ്പിലാണ്. സ്വകാര്യ മേഖലയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യണം. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണെന്നും രാജീവ് കുമാര്‍ പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലാണെന്നും ഇത് പെട്ടെന്ന് തന്നെ മിഡില്‍ ഇന്‍കംട്രാപ്പ് കടക്കുമെന്നും ഒടുവില്‍ ബ്രസീലോ സൗത്ത് ആഫ്രിക്കയോ പോലെയാവുമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം രതിന്‍ റോയ് പറഞ്ഞിരുന്നു.
സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ആശങ്കകള്‍ നിലനില്‍ക്കുന്ന സമയത്ത് തന്നെയാണ് റോയി ഈ കാര്യം വ്യക്തമാക്കുന്നത്.

2018 മാര്‍ച്ചില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാണെന്ന് ധനകാര്യ മന്ത്രാലയം സാമ്പത്തിക റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് കാരണമായ ഘടകങ്ങളായി പറയുന്നത് സ്വകാര്യ ഉപഭോഗം, സ്ഥിര നിക്ഷേപം എന്നിവ കുറയുകയും, കയറ്റുമതി ഇല്ലാതാക്കിയതുമാണെന്നും വ്യക്തമാക്കുന്നു.

ഇത് വര്‍ധിച്ചു വരികയാണെന്നും റോയ് പറഞ്ഞു. ‘1991 നു ശേഷമുള്ള സമ്പദവ്യവസ്ഥ വളര്‍ച്ച കയറ്റുമതിയുടെ അടിസ്ഥാനത്തിലല്ല. അത് ഇന്ത്യന്‍ ജനസംഖ്യയിലെ പത്ത് ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ ഉപഭോഗം കണക്കിലെടുത്താണ്.ഈ രീതി ശാശ്വതമല്ലെന്നും ചൈനയെപ്പോലെയോ ദക്ഷിണ കൊറിയയെപ്പോലെയോ അല്ല നമ്മുടെ വളര്‍ച്ചയെന്നും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും സംഭവിച്ചതിന് സമാനാണ് ഇവിടെ സംഭവിക്കുന്നത്. ‘

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ എയര്‍ ഇന്ത്യയില്‍ ഇന്ധന ക്ഷാമവും കനക്കുന്നെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ നിരവധി വിമാനങ്ങള്‍ ഇന്ധനമില്ലാത്തതിനെത്തുടര്‍ന്ന് വൈകുകയാണെന്ന് ഛത്തീസ്ഗഢ് വിമാനത്താവളത്തിലെ പി.ആര്‍.ഒയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ധനക്ഷാമത്തെത്തുടര്‍ന്നാണ് എയര്‍ഇന്ത്യയുടെ മിക്ക വിമാനങ്ങളും വൈകുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു നീക്കവും ഉണ്ടായിട്ടില്ല’, പി.ആര്‍.ഒ വ്യക്തമാക്കുന്നു. യാത്രക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടില്‍ ഖേദിക്കുന്നെന്നും വിമാനത്താവള അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എയര്‍ ഇന്ത്യ വിമാനങ്ങള്‍ നിരന്തരമായി വൈകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

അതേസമയം, പ്രശ്‌നം ഗുരുതരമാവുകയാണ് എന്ന സൂചനകളാണ് ഇന്ധനവിതരണ കമ്പനികളുടെ നിലപാടില്‍നിന്നും വ്യക്തമാവുന്നത്. പണം നല്‍കാത്തതിനാല്‍ ഇന്ധന വിതരണം രണ്ട് വിമാനത്താവളങ്ങളില്‍ കൂടി നിര്‍ത്തുമെന്ന് കമ്പനികള്‍ എയര്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി. കമ്പനികള്‍ തീരുമാനത്തില്‍ അയവ് വരുത്തിയില്ലെങ്കില്‍ ഈ സ്ഥലങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തേണ്ടി വരുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യക്ക് പല വിമാനത്താവളങ്ങളില്‍ നിന്നും ഇന്ധനം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കൊച്ചി, റാഞ്ചി , മൊഹാലി, പട്‌ന തുടങ്ങിയ ആറ് വിമാനത്താവളങ്ങളില്‍നിന്ന് പണം നല്‍കാത്തതിനാല്‍ എയര്‍ഇന്ത്യക്ക് ഇന്ധനം നല്‍കുന്നില്ല. രണ്ട് വിമാനത്താവളങ്ങില്‍ കൂടി ഇന്ധന വിതരണം നിര്‍ത്തുമെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.

ജൂലൈ 31 വരെ 4300 കോടി രൂപയുടെ കടമാണ് ഇന്ധന ഇനത്തില്‍ എയര്‍ ഇന്ത്യ കമ്പനികള്‍ക്ക് നല്‍കാനുള്ളത്. നിലവില്‍ ഇന്ധനത്തിന്റെ പണം ദിവസേന നല്‍കേണ്ട സാഹചര്യമാണ്.

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് കേന്ദ്രം പണം സ്വീകരിക്കുന്നതടക്കമുള്ള അസാധാരണ നടപടികള്‍ക്കും രാജ്യം സാക്ഷ്യം വഹിക്കുകയാണ്. 2019ലെ പൊതുബജറ്റില്‍ നിന്നും അപ്രത്യക്ഷമായ തുകയ്ക്ക് ഏതാണ്ട് തുല്യമായ തുകയാണ് ഇപ്പോള്‍ ആര്‍.ബി.ഐയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്നും കേന്ദ്രം സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.

അതായത് സാമ്പത്തിക പ്രതിസന്ധി ഇല്ലായെന്ന് അമിത് ഷാ പറയുമ്പോഴാണ് സര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ നിന്ന പണമെടുക്കുന്നത്. മാന്ദ്യമെന്നത് പ്രതിപക്ഷത്തിന്റെ ഭാവനയാണെന്ന് പിയൂഷ് ഗോയല്‍ പറയുമ്പോഴാണ് തകരുന്ന സാമ്പത്തികാവസ്ഥയെ താങ്ങിനിര്‍ത്താന്‍ ധനമന്ത്രി ചില ‘ഒറ്റമൂലി’കള്‍ നിര്‍ദ്ദേശിക്കുന്നത്.

2008 ല്‍ അമേരിക്കയടക്കം സാമ്പത്തിക മാന്ദ്യത്തില്‍ വലഞ്ഞപ്പോഴും രാജ്യം പിടിച്ചുനിന്നിരുന്നു. നോട്ടുനിരോധനം എന്ന മണ്ടന്‍ പരിഷ്‌കാരം ഒരു രാജ്യത്തെ എത്രത്തോളം പിന്നോട്ടടിപ്പിച്ചു എന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. നോട്ടുനിരോധന സമയത്ത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ലോക്സഭയില്‍ പറഞ്ഞത് ഓര്‍മ്മയില്ലേ…

ഓര്‍ഗനൈസ്ഡ് ലൂട്ട് ആന്റ് ലീഗലൈസ്ഡ് പ്ലണ്ടറിംഗ്… അതേ… ആസൂത്രിതമായ ഒരു കൊള്ളയടിക്കലിന്റേയും നിയമാനുസൃതം നടത്തിയ മോഷണത്തിന്റെയും അനന്തരഫലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.