ന്യൂദല്‍ഹി: തകരാറിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ വെല്ലുവിളികള്‍ ഉയരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ആഗോള തലത്തില്‍ കൊറോണ വൈറസ് മൂലമുണ്ടാകുന്ന പ്രതിസന്ധി ഇന്ത്യന്‍ സാമ്പത്തിക ഇടപാടുകളെ രൂക്ഷമായി ബാധിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഡിസംബര്‍ പാദത്തിലെ പാദത്തിലെ ജി.ഡി.പി വളര്‍ച്ചാനിരക്ക് ഏഴുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട. 4.7 ശതമാനമാണ് ഡിസംബറില്‍ അവസാനിച്ച പാദത്തിലെ വളര്‍ച്ചാ നിരക്ക്. ഇത് മുന്‍ പാദത്തിലേക്കാള്‍ അല്‍പം മെച്ചപ്പെട്ട അവസ്ഥയാണെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളര്‍ച്ചാ നിരക്കില്‍ വലിയ രീതിയിലുള്ള മന്ദഗതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന് മുമ്പുള്ള പാദത്തിലെ കണക്കാണിത്. 2020 ആദ്യ മാസങ്ങളിലാണ് വൈറസ് ബാധയെത്തുടര്‍ന്ന് ചൈന ഫാക്ടറികള്‍ അടച്ചുപൂട്ടിയത്. ഇതോടെ ആഗോള തലത്തില്‍ പ്രതിസന്ധി പ്രകടമായി.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കൊറോണ പടര്‍ത്തിയിരിക്കുന്ന ആശങ്ക ചെറുതല്ല. ഇന്ധനവും സ്വര്‍ണവുമൊഴികെ മിക്കവയും അഞ്ചില്‍ ഒരു ശതമാനം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍നിന്നാണ്. ചൈനയില്‍നിന്നുള്ള ഇറക്കുമതി താല്‍കാലികമായി അവസാനിപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ വിപണിയെ വിലക്കയറ്റത്തിലേക്കാണ് നയിക്കുകയെന്ന ആശങ്കയാണ് സാമ്പത്തിക വിദഗ്ധര്‍ പങ്കുവെക്കുന്നത്.