ന്യൂദല്‍ഹി: 2017 ലെയും 2018 ലെയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോര്‍ട്ട്. നോട്ടുനിരോധനവും ജി.എസ്.ടിയും തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ഇത് മൂലമുണ്ടായ പ്രതിസന്ധി ഈ വര്‍ഷവും അടുത്ത വര്‍ഷവും ബാധിക്കും. ഇന്ന് പുറത്തിറക്കിയ ലോക സാമ്പത്തിക ഔട്ട്‌ലുക്കിലാണ് ഐ.എം.എഫ് ഇക്കാര്യം വ്യക്തമാക്കിയത്.
2017ല്‍ 6.7 ശതമാനവും 2018ല്‍ 7.4 ശതമാനവും ആയിരിക്കും വളര്‍ച്ച. നേരത്തേ ഐ.എം.എഫ് പ്രതീക്ഷിത വളര്‍ച്ചയായി പറഞ്ഞ കണക്കില്‍ നിന്നും 0.5ഉം 0.3ഉം ശതമാനം കുറവ് വളര്‍ച്ചയാണിത്. ആഗോള സാമ്പത്തിക വളര്‍ച്ച വേഗത്തിലാവുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ സാമ്പത്തിക രംഗം മന്ദഗതിയിലാവുന്നത്.
2017ല്‍ 3.6ഉം 2018ല്‍ 3.7ഉം ആണ് പ്രതീക്ഷിത ആഗോള സാമ്പത്തിക വളര്‍ച്ചയായി ഉണ്ടായിരുന്നത്. എന്നാല്‍ ഈ രണ്ട് വര്‍ഷവും പ്രതീക്ഷിച്ചതിനേക്കാള്‍ 0.1 ശതമാനം വളര്‍ച്ച അധികരിക്കുമെന്ന് ഐ.എം.എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.