ബി.ബി.സി മാത്രമല്ല; ചര്‍ച്ചയായി ഗുജറാത്ത് കലാപത്തിന്റെ ഇന്ത്യന്‍ ഡോക്യുമെന്ററികളും
national news
ബി.ബി.സി മാത്രമല്ല; ചര്‍ച്ചയായി ഗുജറാത്ത് കലാപത്തിന്റെ ഇന്ത്യന്‍ ഡോക്യുമെന്ററികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th January 2023, 10:23 pm

ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിലക്കും വിവാദങ്ങളും പ്രതിഷേധങ്ങളും ശക്തമാകുന്നതിനിടെ കലാപത്തെ കുറിച്ച് ഇന്ത്യയില്‍ നിന്നും പുറത്തുവന്ന ഡോക്യുമെന്ററികളും ചര്‍ച്ചയാകുന്നു.

സോഷ്യല്‍ മീഡിയ വഴി അണിയറപ്രവര്‍ത്തകരും പ്രേക്ഷകരും വിവിധ ഡോക്യുമെന്ററികളുടെ ലിങ്കുകള്‍ പങ്കുവെക്കുകയാണ്. രാകേഷ് ശര്‍മയുടെ ഫൈനല്‍ സൊലൂഷന്‍(Final Solution), ആനന്ദ് പട്‌വര്‍ധന്റെ വിവേക് (Reason) എന്നീ ഡോക്യുമെന്ററികളാണ് ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ നേടുന്നത്.

2018ല്‍ പൂര്‍ത്തിയായ ‘വിവേക്(Reason) ആംസ്റ്റര്‍ഡാം ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ചിത്രം ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടില്ല. മൂന്ന് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രം ചില സ്വകാര്യ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഡോക്യുമെന്ററി യൂട്യൂബില്‍ ലഭ്യമാണ്.

2004ല്‍ പുറത്തിറങ്ങിയ ഫൈനല്‍ സൊലൂഷനില്‍ ഗുജറാത്ത് കലാപത്തില്‍ അക്രമത്തിന് നേതൃത്വം നല്‍കിയവരും ഇരകളും സംസാരിക്കുന്നുണ്ട്. മോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഗുജറാത്ത്
സര്‍ക്കാരിന് കലാപത്തില്‍ പങ്കുണ്ട് എന്നതിന്റെ തെളിവുകളും ഡോക്യുമെന്ററിയിലുണ്ടായിരുന്നു.

ഡോക്യുമെന്ററിക്ക് 2004ല്‍ സി.ബി.എഫ്.സി പ്രദര്‍ശനാനുമതി നല്‍കിയില്ല. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി നല്‍കി. 2006ല്‍ രാഷ്ട്രപതിയുടെ പ്രത്യേക ജൂറി പുരസ്‌കാരത്തിനും ഫൈനല്‍ സൊലൂഷന്‍ അര്‍ഹമായി. എന്നാല്‍ പുരസ്‌കാരത്തിന് അര്‍ഹമാകുന്ന ചിത്രം ടെലികാസ്റ്റ് ചെയ്യുന്ന പതിവ് ദൂരദര്‍ശന്‍ പാലിച്ചില്ല. സര്‍ക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട ചലച്ചിത്രമേളയിലോ, മുംബൈ ചലച്ചിത്രമേളയിലോ ഡോക്യുമെന്ററി തെരഞ്ഞെടുക്കപ്പെട്ടുമില്ല.

കഴിഞ്ഞ വര്‍ഷം ഫൈനല്‍ സൊലൂഷന്‍ ഓണ്‍ലൈന്‍ ഫ്രീ വ്യൂവിങ്ങിന് രാകേഷ് ശര്‍മ അവസരമൊരുക്കിയിരുന്നു. 2024 വരെ ഈ രീതി തുടരുമെന്നായിരുന്നു രാകേഷ് ശര്‍മ പറഞ്ഞത്. 35 വയസിന് താഴെയുള്ളവരിലേക്ക് ഡോക്യുമെന്ററി എത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടികൊണ്ടായിരുന്നു രാകേഷ് ശര്‍മയുടെ തീരുമാനം.

അതേസമയം, ബി.ബി.സി ഡോക്യുമെന്ററിയായ ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍’ ന്റെ ആദ്യ ഭാഗം കേരളത്തില്‍ പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചു വരികയാണ്. അധികൃതരുടെ വിലക്കിനെ മറികടന്ന് ഹൈദരാബാദ്, ജെ.എന്‍.യു എന്നീ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രദര്‍ശനത്തിനെതിരെ ബി.ജെ.പിയും രംഗത്തുവന്നു. ജനുവരി 24ന് ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബി.ബി.സി പുറത്തുവിടും.

Content Highlight: Indian documentaries Final Solution and Reason about Gujarat Riot are in discussion