ഇന്ത്യയില്‍ രോഗികള്‍ക്ക് വേണ്ടി ഡോക്ടര്‍മാര്‍ ചെലവഴിക്കുന്നത് രണ്ടു മിനിറ്റ് മാത്രമെന്ന് പഠന റിപ്പോര്‍ട്ട്
Daily News
ഇന്ത്യയില്‍ രോഗികള്‍ക്ക് വേണ്ടി ഡോക്ടര്‍മാര്‍ ചെലവഴിക്കുന്നത് രണ്ടു മിനിറ്റ് മാത്രമെന്ന് പഠന റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th November 2017, 7:29 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നത് വെറും രണ്ടും മിനിറ്റ് മാത്രമാണെന്ന് പഠനം. ബ്രട്ടീഷ് മെഡിക്കല്‍ ജേര്‍ണലായ ബി.എം.ജെ ഓപ്പണ്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

2015-ല്‍ ഇന്ത്യയിലെ ഡോക്ടര്‍മാര്‍ രോഗികളില്‍ ചെലവഴിച്ച പ്രഥമിക പരിശോധന സമയം ശരാശരി രണ്ട് മിനുട്ട് മാത്രമാണ്. പാകിസ്ഥാനില്‍ രോഗികള്‍ക്കായി ഡോക്ടര്‍മാര്‍ ചെലവഴിച്ചത് വെറും 1.3 മിനിറ്റ് മാത്രമാണെന്നും പഠനം വെളിവാക്കുന്നു. പതിനെട്ട് രാജ്യങ്ങളില്‍ ബി.എം.ജെ നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.


Also Read:  ‘ആരാന്റമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ?’; തന്റെ പേരില്‍ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന വീഡിയോയ്‌ക്കെതിരെ അനു ജോസഫ്


സ്വീഡന്‍, നോര്‍വെ, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളില്‍ ശരാശരി പരിശോധനാ സമയം 20 മിനിട്ടില്‍ കൂടുതലാണ്. കുറഞ്ഞ പരിശോധനാ സമയം രോഗികളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ജനറല്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ കുറവ് സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നുവെന്നും പഠനം പറയുന്നു.

ലക്ഷണങ്ങള്‍ മാത്രം കണക്കിലെടുത്ത് കൃത്യമായ പരിശോധന നല്‍കാതെയാണ് സ്വകാര്യ ആശുപത്രിയിലടക്കം ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. ബംഗ്ലാദേശില്‍ ഒരു ഡോക്ടര്‍ രോഗിക്കായി ചിലവഴിക്കുന്ന ശരാശരി സമയം 48 സെക്കന്‍ഡാണെങ്കില്‍ സ്വീഡനിലത് 22.5 മിനുട്ടാണ്.


Also Read: കണ്ണുതള്ളുന്ന കിടിലന്‍ ഓഫറുമായി വീണ്ടും ജിയോ; 399 രൂപയുടെ റീചാര്‍ജിന് 2599 രൂപയുടെ ക്യാഷ് ബാക്ക്


എന്നാല്‍ രാജ്യത്തെ മുഴുവന്‍ ഡോക്ടര്‍മാരുടെയും പരിശോധനാ സമയമല്ല പഠനത്തില്‍ പ്രതിപാദിച്ചിരിക്കുന്നതെന്ന് ന്യൂദല്‍ഹി ആകാശ് ഹെല്‍ത്ത് കെയറിലെ ഡോ. ആശിഷ് ചൗധരി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ട് മണിക്കൂറിനുള്ളില്‍ 100 രോഗികളെ വരെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാവുകയാണെന്ന് ചൗധരി പറയുന്നു.

പല രാജ്യങ്ങളിലും പരിശോധനാ സമയം അഞ്ച് മിനിട്ടില്‍ കൂടുതല്‍ എടുക്കുന്നില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യ കൂടുതലുള്ള സ്ഥലങ്ങളില്‍ കുറഞ്ഞ സമയം മാത്രമാണ് പരിശോധനക്കായി ചെലവഴിക്കുന്നത്.


Also Read: കാര്യവട്ടത്തെ ക്രിക്കറ്റ് ആരവത്തില്‍ നിന്നും കൊച്ചിയിലെ കാല്‍പ്പന്ത് ആരവത്തിലേക്ക്; കൊച്ചിയിലെ കളികള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു


ഡോക്ടര്‍മാരുടെ എണ്ണം ആശുപത്രികളില്‍ ക്രമാതീതമായി വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്നും കുറഞ്ഞ സമയത്തിനുള്ളിലെ പരിശോധനാ സമയം രോഗികളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.