| Sunday, 5th November 2023, 10:58 am

അന്വേഷണത്തിന്റെ അന്തിമ ഫലം എവിടെ? നിജ്ജാര്‍ വധത്തിലെ ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ കാനഡയോട് വീണ്ടും ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഖലിസ്ഥാന്‍ വാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ ഇന്ത്യന്‍ ഏജന്റുമാര്‍ കൊലപ്പെടുത്തിയെന്ന ആരോപണത്തിന് തെളിവ് ഹാജരാക്കാന്‍ ഒട്ടാവയോട് വീണ്ടും ആവശ്യപ്പെട്ട് കാനഡയിലെ ഉന്നത ഇന്ത്യന്‍ നയതന്ത്രജ്ഞന്‍. നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് തെളിവുകള്‍ പുറത്തുവിടണമെന്നും ദ ഗ്ലോബ് ആന്‍ഡ് മെയിലിന് നല്‍കിയ അഭിമുഖത്തിലൂടെ കാനഡയിലെ ഇന്ത്യ ഹൈക്കമ്മീഷഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ ആവശ്യപ്പെട്ടു.

‘തെളിവുകള്‍ എവിടെ? അന്വേഷണത്തിന്റെ അന്തിമ ഫലം എവിടെ? അന്വേഷണത്തില്‍ അവരെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് ഈ കേസില്‍ പ്രത്യേകമോ പ്രസക്തമോ ആയ വിവരങ്ങളൊന്നും നല്‍കിയിട്ടില്ല,’ സഞ്ജയ് കുമാര്‍ പറഞ്ഞു.

ഇതിന് പിന്നില്‍ ഇന്ത്യയോ ഇന്ത്യന്‍ ഏജന്റുമാരോ ആണെന്നാണ് കാനഡയുടെ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതെന്നും സഞ്ജയ് കുമാര്‍ ചൂണ്ടിക്കാട്ടി. തന്റെ സുരക്ഷയ്ക്ക് ഭീഷണിയായതിനാല്‍ തനിക്ക് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് (ആര്‍.സി.എം.പി) സുരക്ഷാ സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും അഭിമുഖത്തിനിടെ സഞ്ജയ് കുമാര്‍ പറഞ്ഞു.

അതേസമയം, ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ കാനഡ സെപ്റ്റംബറില്‍ നിര്‍ത്തിവെച്ചിരുന്നെന്നും എന്നാല്‍ വ്യാപാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യക്ക് താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിജ്ജാര്‍ വധത്തിന് പിന്നാലെ സെപ്റ്റംബര്‍ അവസാനം മുതല്‍ കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. വധത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇതിന് പിന്നാലെ കനേഡിയന്‍ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ പ്രതികരിച്ചു.

ഇന്ത്യ ത്രീവ്രവാദിയായി കണക്കാക്കുന്ന നിജ്ജാര്‍ സെപ്റ്റംബര്‍ 18നാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നില്‍ വെടിയേറ്റ് മരിച്ചത്. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഏജന്റുകള്‍ക്ക് നിജ്ജാര്‍ വധത്തില്‍ പങ്കുണ്ടെന്ന് കനേഡിയന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി കണ്ടെത്തിയതായി ട്രൂഡോ പാര്‍ലിമെന്റെിലെ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഇന്ത്യ ഇത് നിഷേധിക്കുകയായിരുന്നു. നിജ്ജാര്‍ വധവുമായി ബന്ധപ്പെട്ട യാതൊരു തെളിവും കാനഡ കൈമാറിയിട്ടില്ലെന്നായിരുന്നു ഇന്ത്യ പ്രതികരിച്ചത്. എന്നാല്‍ ഇന്ത്യയ്ക്കെതിരെ കാനഡയുടെ കൈയില്‍ തെളിവുകളുണ്ടെന്ന് കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങള്‍ കാനഡയ്ക്ക് ലഭിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Content Highlights: Indian Diplomat To Canada on Hardeep Singh Nijjar

Latest Stories

We use cookies to give you the best possible experience. Learn more