ഫസ്റ്റ് ക്ലാസില്‍ 10000 റണ്‍സ് തികച്ചു, പിന്നാലെ വിരമിക്കല്‍
Sports News
ഫസ്റ്റ് ക്ലാസില്‍ 10000 റണ്‍സ് തികച്ചു, പിന്നാലെ വിരമിക്കല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th February 2024, 5:25 pm

ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ താരത്തിന്റെ 18 വര്‍ഷത്തെ റെഡ് ബോള്‍ കരിയര്‍ അവസാനിക്കുകയാണ്. നേരത്തെ വിരമിക്കല്‍ തീരുമാനം മാറ്റിയ താരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗാളും ബീഹാറും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിന് ശേഷമാണ് വിടപറയലിന് ഒരുങ്ങിയത്.

തന്റെ വിരമിക്കലിനെക്കുറിച്ച് എക്‌സില്‍ താരം എഴുത്ത് പങ്കുവെച്ചിരുന്നു.

 

‘ഒരു അവസാന നൃത്തത്തിനുള്ള സമയമാണിത്! എന്റെ പ്രിയപ്പെട്ട 22 യാര്‍ഡുകളിലേക്കുള്ള ഒരു നീണ്ട നടത്തത്തിന്റെ അവസാനം. അതിന്റെ ഓരോ ഭാഗവും എനിക്ക് നഷ്ടമാകും!’ എന്നെ പ്രോത്സാഹിപ്പിച്ചതിനും സ്‌നേഹിച്ചതിനും നന്ദി. ബംഗാളിനെ സന്തോഷിപ്പിക്കാന്‍ നിങ്ങളെല്ലാവരും നാളെയും മറ്റന്നാളും എന്റെ പ്രിയപ്പെട്ട ഈഡന്‍ ഗാര്‍ഡന്‍സില്‍ വന്നാല്‍ അത് സന്തോഷിപ്പിക്കും. ക്രിക്കറ്റിന്റെ വിശ്വസ്ത സേവകന്‍, നിങ്ങളുടെ മനോജ് തിവാരി,’ അദ്ദേഹം ‘എക്സില്‍’ എഴുതി.

2006ല്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച തിവാരി, 2008-ഓടെ ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടം നേടി. 12 ഏകദിനങ്ങളില്‍ നിന്ന് 26.09 ശരാശരിയോടെ 287 റണ്‍സും ഒരു അര്‍ധസെഞ്ച്വറിയും തിവാരി നേടിയിട്ടുണ്ട്. മൂന്ന് ടി-20യില്‍ ഇടം നേടിയപ്പോള്‍ ഒരു ഇന്നിങ്സില്‍ 15 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

റെഡ് ബോള്‍ സീസണില്‍, 30 സെഞ്ച്വറികളും 45 അര്‍ധസെഞ്ച്വറികളും സഹിതം 10,000 ഫസ്റ്റ് ക്ലാസ് റണ്ണുകള്‍ മറികടക്കുക എന്ന ശ്രദ്ധേയമായ നാഴികക്കല്ല് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 303* ആണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റൈസിങ് പൂനെ സൂപ്പര്‍ജയന്റ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്സ് എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വിവിധ ടീമുകള്‍ക്കായി ബംഗാളില്‍ ജനിച്ച ക്രിക്കറ്റ് താരം കളിച്ചിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഐ.പി.എല്‍ 2012 ജേതാക്കളായ ടീമിലും അദ്ദേഹം അംഗമായിരുന്നു.

 

 

Content Highlight: Indian cricketer Manoj Tiwary has announced his retirement from first-class cricket