20 വര്‍ഷത്തെ നീണ്ട ക്രിക്കറ്റ് യാത്രക്ക് ശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ഇതിഹാസ താരം ജുലന്‍ ഗോസ്വാമി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കളിച്ചു കൊണ്ടാണ് ഫാസ്റ്റ് ബൗളറായ ജുലന്‍ കളമൊഴിയുന്നത്. കഴിഞ്ഞ ദിവസമാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ജുലന്റെ വിരമിക്കലില്‍ ആശംസയറിയിച്ച് നിരവധി താരങ്ങള്‍ രംഗത്തു വന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ വനിത ഏകദിന പരമ്പര പേസ് ബൗളിങ് ഇതിഹാസം ജുലന്‍ ഗോസ്വാമിക്ക് ഡെഡിക്കേറ്റ് ചെയ്യുകയാണെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന പറഞ്ഞു.
‘ഈ പരമ്പര ജുലു ദീക്ക് (ജുലന്‍ ഗോസ്വാമി) വേണ്ടിയുള്ളതാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബൗളിങ്ങിലുള്ള അവരുടെ കഴിവ് അതിശയകരമായിരുന്നു. ഈ പരമ്പരയിലെ ഞങ്ങളുടെ എല്ലാ ശ്രമങ്ങളും ജുലു ദീക്ക് വേണ്ടി ആയിരിക്കും,’ സ്മൃതി മന്ദാന പറഞ്ഞു.
പശ്ചിമ ബംഗാള്‍കാരിയായ ജുലന്‍ 15ാം വയസ്സിലാണ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. കുഞ്ഞു നാള്‍ തൊട്ടേ ക്രിക്കറ്റ് ഏറെ ഇഷ്ടപ്പെട്ടിരുന്ന ജുലന്‍ അത് തന്റെ കരിയറാക്കി മാറ്റുകയായിരുന്നു. ക്രിക്കറ്റ് ജീവിത്തിന്റെ ഭാഗമാക്കാന്‍ ജുലന് ഒത്തിരി കഷ്ടതകള്‍ സഹിക്കേണ്ടി വന്നു. പുലര്‍ച്ചെ 4.30ന് എഴുന്നേറ്റ് 80 കിലോമീറ്റര്‍ ട്രെയിനില്‍ യാത്ര ചെയ്താണ് അവര്‍ കൊല്‍ക്കത്തയില്‍ പരിശീലനത്തിന് എത്തിയിരുന്നത്.
39കാരിയായ താരം ഇന്ത്യക്കായി ഇതുവരെ 12 ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. 201 ഏകദിനങ്ങളിലും 68 ടി-20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. 2002 ജനുവരി ആറിന് ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. 252 ഏകദിന വിക്കറ്റുകള്‍ നിലവില്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്.
2006ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യ ടി-20 കളിച്ചത്. ജുലന്‍ ബൗളിങ്ങില്‍ ഇതിനകം നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2007ല്‍ ഐ.സി.സി. വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജുലന് നേടാനായി. 2010ല്‍ അര്‍ജുന അവാര്‍ഡും ജുലന്‍ സ്വന്തമാക്കി.
Content Highlight: Indian Cricketer Jhulan Goswami retires