| Tuesday, 17th January 2023, 9:05 pm

ബുധനാഴ്ച തുടങ്ങുന്ന അങ്കം നിര്‍ണായകം; വിജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് മോഹനനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം സ്ഥാനത്ത് മണിക്കൂറുകള്‍ മാത്രമേ നിലയുറപ്പിക്കാന്‍ കഴിഞ്ഞുള്ളു എന്നതിന്റെ വിഷമത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ക്ലീന്‍ സ്വീപ് ചെയ്തതോടെയായിരുന്നു ഇന്ത്യ ഒന്നാം സ്ഥാനത്തേക്കെത്തിയത്. എന്നാല്‍ ഓസ്ട്രേലിയ-സൗത്ത് ആഫ്രിക്ക പരമ്പരയിലെ വിജയം ഓസീസിനെ വീണ്ടും പട്ടികയുടെ തലപ്പത്തേക്കെത്തിച്ചു.

ഫെബ്രുവരിയില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ ആധികാരിക വിജയം സ്വന്തമാക്കിയാലേ ഇനി ഇന്ത്യക്ക് ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സ്ഥാനക്കാരാകാനാകൂ.

ടെസ്റ്റ് ക്രിക്കറ്റിന്റെ സ്ഥിതി ഇങ്ങനെയാണെങ്കിലും, ഏകദിനത്തില്‍ ഒന്നാം സ്ഥാനത്തേക്കുള്ള ഓട്ടത്തില്‍
മികച്ച ഫോമിലാണ് ഇന്ത്യന്‍ ടീം. ടി-20യിലെ ഒന്നാം സ്ഥാനത്തോടൊപ്പം ഏകദിനത്തിലും ഏറ്റവും മുമ്പിലെത്താന്‍ ഇന്ത്യക്ക് ഒരു പരമ്പര വിജയം മാത്രം മതിയാകുമെന്നാണ് നിലവിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ക്രിക് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇപ്പോള്‍ 4515 പോയിന്റും 110 റേറ്റിങ്ങുമായി ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 26 മാച്ചില്‍ നിന്ന് 3045 പോയിന്റും 117 റേറ്റിങ്ങുമായി ന്യൂസിലാന്‍ഡാണ് ഒന്നാം സ്ഥാനത്ത്. 113ഉം 112ഉം റേറ്റിങ്ങുമുള്ള ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.

ഒന്നാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡുമായാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. ജനുവരി 18 ബുധനാഴ്ച ഹൈദരാബാദില്‍ വെച്ചാണ് പരമ്പര ആരംഭിക്കുന്നത്. ന്യൂസിലാന്‍ഡിനെ 3-0 തകര്‍ത്ത് പരമ്പര സ്വന്തമാക്കാനായാല്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ ഒറ്റ കുതിപ്പിനെത്തും.

ശ്രീലങ്കയുമായുള്ള പരമ്പരയിലെ ബാറ്റിങ് വെടിക്കെട്ടും ബൗളിങ് ചാതുര്യവും പുറത്തെടുക്കാനായാല്‍ ന്യൂസിലാന്‍ഡിനെയും ഇന്ത്യക്ക് പരാജയപ്പെടുത്താനാകും. 3-0ത്തിനാണ് ഇന്ത്യ ശ്രീലങ്കന്‍ പടയെ തോല്‍പിച്ചത്.

ഇതില്‍ തന്നെ, അവസാന മത്സരത്തില്‍ അതിഗംഭീരമായ പ്രകടനമായിരുന്നു നീലക്കുപ്പായക്കാര്‍ പുറത്തെടുത്തത്. 110 പന്തില്‍ നിന്നും 166 റണ്‍സ് നേടി പുറത്താകാതെ നിന്ന കോഹ്ലിയുടെ ചിറകിലേറി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 എന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ അടിച്ചെടുത്തത്.

ശ്രീലങ്കന്‍ പടയെ ഒന്നൊന്നായി മുഹമ്മദ് സിറാജ് എറിഞ്ഞു വീഴ്ത്തുക കൂടി ചെയ്തതോടെ 73ല്‍ കളി അവസാനിപ്പിച്ച് 317 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങാനായിരുന്നു ശ്രീലങ്കയുടെ വിധി.

ഇതേ പ്രകടനം ന്യൂസിലാന്‍ഡിനെതിരെയും ആവര്‍ത്തിക്കാനായാല്‍ പരമ്പരവിജയത്തിനൊപ്പം ഏകദിനത്തിലെ ഒന്നാം സ്ഥാനക്കാരെന്ന നേട്ടവും ഇന്ത്യന്‍ പോക്കറ്റിലിരിക്കും.

Content Highlight: Indian cricket team  will become No.1 in ODIs if they defeat New Zealand with 3-0

We use cookies to give you the best possible experience. Learn more