| Wednesday, 3rd July 2024, 8:32 pm

ഇന്ത്യന്‍ സംഘം പുറപ്പെട്ടുകഴിഞ്ഞു, ഇനി കപ്പ് കാണണമെങ്കില്‍ വാംഖഡെയ്ക്ക് പോന്നോളീ...; വൈറലായി രോഹിത്തിന്റെ പോസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ ബാര്‍ബഡോസില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചിരിക്കുകയാണ്. കഴിഞ്ഞ 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ടി-20 ലോകകപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. 2007 എം.എസ്. ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ആദ്യമായി കിരീടം നേടിയപ്പോള്‍ 2024 രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിലാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.

കഴിഞ്ഞ ശനിയാഴ്ച ടീം ഇന്ത്യ നാട്ടിലേക്ക് തിരിക്കേണ്ടത് ആയിരുന്നു. എന്നാല്‍ ബാര്‍ബഡോസില്‍ വീശിയടിച്ച ചുഴലിക്കാറ്റ് മൂലം യാത്ര തടസപ്പെടുകയായിരുന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം ഒരു സ്‌പെഷ്യല്‍ ഫ്‌ളൈറ്റില്‍ ഇന്ത്യന്‍ സംഘം നാളെ പുലര്‍ച്ചെ ആറ് മണിക്ക് ദില്ലിയില്‍ എത്തുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

തുടര്‍ന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വൈകിട്ട് ഒരുക്കുന്ന വിക്ടറി പരേഡില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അണിചേരും. ഇതോടനുബന്ധിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എക്‌സില്‍ ഒരു കുറിപ്പ് പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യയിലെ മൊത്തം ക്രിക്കറ്റ് ആരാധകരെയും വാംഖഡയിലേക്ക് ഇന്ത്യയുടെ രണ്ടാം ടി-20 ലോകകപ്പ് നേട്ടം ആഘോഷിക്കാന്‍ ക്ഷണിച്ചിരിക്കുകയാണ്.

‘ഈ സ്‌പെഷ്യല്‍ മൊമെന്റ് നിങ്ങള്‍ക്കൊപ്പം ആസ്വദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ജൂലൈ നാലിന് വൈകുന്നേരം 5 മണി മുതല്‍ മറൈന്‍ ഡ്രൈവിലും വാംഖഡെയിലും ഒരു പരേഡിലൂടെ നമുക്ക് ഈ വിജയം ആഘോഷിക്കാം. ഞങ്ങള്‍ നാട്ടിലേക്ക് വരുകയാണ്,’രോഹിത് എക്‌സില്‍ പോസ്റ്റ് ചെയ്തു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പുറമേ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായും എക്‌സില്‍ വിജയം ആഘോഷിക്കാന്‍ ആരാധകരെ ക്ഷണിച്ചിരുന്നു.

ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

Content Highlight: Indian Cricket  Team Will Arrive Tomorrow In Dilli

We use cookies to give you the best possible experience. Learn more