രണ്ടില്‍ തോറ്റു; മൂന്നാം അങ്കത്തിന് പടയൊരുക്കി ഇന്ത്യ; ടീമില്‍ രണ്ട് മാറ്റങ്ങള്‍
Cricket
രണ്ടില്‍ തോറ്റു; മൂന്നാം അങ്കത്തിന് പടയൊരുക്കി ഇന്ത്യ; ടീമില്‍ രണ്ട് മാറ്റങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th December 2022, 5:57 pm

ഇന്ത്യയുടെ ക്രിക്കറ്റ് കലണ്ടറിലെ മോശം വര്‍ഷങ്ങളിലൊന്നായി മാറിയിരിക്കുകയാണ് 2022. ഏഷ്യാ കപ്പ് തോല്‍വിയും ടി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ട് തോറ്റതുമടക്കം നിരവധി മത്സരങ്ങളിലാണ് ഇന്ത്യക്ക് പരാജയമറിയേണ്ടി വന്നിട്ടുള്ളത്. ഈ വര്‍ഷം തന്നെ വിവിധ ടീമുകള്‍ക്കൊപ്പം സീരീസ് വിജയങ്ങളുണ്ടെങ്കിലും അതൊന്നും ഈ തോല്‍വിയെ മറികടക്കാന്‍ പോന്നതല്ല.

2022ലെ ആദ്യ പരമ്പരയില്‍ തന്നെ തോറ്റാണ് ഇന്ത്യ തുടങ്ങിയത്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരവും തോറ്റ് ഇന്ത്യ പരമ്പര കൈവിട്ടിരിക്കുകയാണ്.

ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റിനും രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സിനുമാണ് ഇന്ത്യയുടെ തോല്‍വി. രണ്ട് മത്സരത്തിലും അവസാന സമയം വരെ ഇന്ത്യ പൊരുതിയെങ്കിലും വിജയത്തിലേക്കെത്താനായില്ല.

വൈറ്റ് വാഷ് ഒഴിവാക്കാന്‍ ഇന്ത്യക്ക് മൂന്നാം മത്സരത്തില്‍ ജയിക്കേണ്ടത് അഭിമാന പ്രശ്നമാണ്. മൂന്നാം മത്സരത്തില്‍ രോഹിത് ശര്‍മ, ദീപക് ചഹാര്‍, കുല്‍ദീപ് സെന്‍ എന്നിവരില്ലെന്നത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഇന്ത്യക്ക് ജയം കൂടുതല്‍ കടുപ്പമാവും. ഇന്ത്യ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് വിവരം.

നായകനും ഓപ്പണറുമായ രോഹിത് ശര്‍മക്ക് പകരം ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇഷാന്‍ കിഷനെ ഇന്ത്യ പ്ലേയിങ് 11 എത്തിച്ചേക്കും. ആദ്യ രണ്ട് മത്സരത്തിലും ബെഞ്ചിലായിരുന്നു ഇഷാന്റെ സ്ഥാനം. രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യ ഇഷാനെ പരിഗണിക്കാനാണ് സാധ്യത.


വാഷിങ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലും സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ട്. രണ്ട് പേരും ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെക്കുന്നത്. സുന്ദര്‍ ബൗളിങ്ങില്‍ മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും ബാറ്റിങ്ങില്‍ മോശം ഫോമിലാണ്. ഇവരോടൊപ്പം ദീപക് ചഹാറിന്റെ അഭാവം നികത്താന്‍ മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറായ ഷഹബാസ് അഹമ്മദിനെ പരിഗണിച്ചേക്കും.

രോഹിത്തും ധവാനും ചേര്‍ന്നാണ് ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. കെ.എല്‍. രാഹുല്‍ അഞ്ചാം നമ്പറിലാണ് കളിച്ചത്. ആദ്യ മത്സരത്തില്‍ ഫിഫ്റ്റി നേടിയെങ്കിലും രണ്ടാം മത്സരത്തില്‍ രാഹുല്‍ ഫ്ളോപ്പായിരുന്നു.

രോഹിത്തിന്റെ അഭാവത്തില്‍ ടീമിന്റെ നായകനായി രാഹുല്‍ എത്തും. അതുകൊണ്ട് തന്നെ രാഹുല്‍ ഓപ്പണറാവാനാണ് സാധ്യത. ഇഷാനും പ്ലേയിങ് 11ലേക്കെത്തുമ്പോള്‍ കീപ്പര്‍ സ്ഥാനവും രാഹുലിന് ഒഴിഞ്ഞുകൊടുക്കാനാവും. ഇത് കൂടുതല്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ രാഹുലിനെ സഹായിച്ചേക്കും.

രണ്ടാം ഏകദിനത്തില്‍ രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചപ്പോഴും രാഹുലിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഈ സാഹചര്യത്തില്‍ രാഹുലിനെ ക്യാപ്റ്റനാക്കി ഇറങ്ങുന്നത് ഇന്ത്യയെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നത് കണ്ടറിയണം.

Content Highlights: Indian cricket team is ready for 3rd ODI, India vs Bangladesh