ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യ. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 64 റണ്‍സിനുമാണ് രോഹിത്തും കൂട്ടരും തകര്‍ത്തു വിട്ടത്. ഇതാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിലെ ആദ്യമത്സരം പരാജയപ്പെടുകയും പിന്നീട് ആ പരമ്പര 4-1ന് സ്വന്തമാക്കുകയും ചെയ്യുന്നത്.
ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ വിജയവും തോല്‍വിയും തുല്യമാവുന്നത്. 178 മത്സരങ്ങളിലാണ് ഇന്ത്യ വിജയിക്കുകയും തോല്‍ക്കുകയും ചെയ്തത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.
For the first time in their Test history, India’s win-loss record is equal ⚖️ pic.twitter.com/204CKUHJEt
രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങില്‍ ആര്‍.അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 14 ഓവറില്‍ 77 റണ്‍സ് വിട്ടു നല്‍കിയായിരുന്നു അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ നേടിയത്.
കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടിയപ്പോള്‍ ഇംഗ്ലീഷ് ബാറ്റിങ് 195 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ ജോ റൂട്ട് മാത്രമാണ് മികച്ച ചെറുത്തുനില്‍പ്പ് നടത്തിയത്. 128 പന്തില്‍ 84 റണ്‍സാണ് റൂട്ട് നേടിയത്.
അതേസമയം ഒന്നാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഇന്ത്യ 477 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്.
യുവ ഓപ്പണര്‍ യശ്വസി ജെയ്സ്വാള്‍ അര്‍ധസെഞ്ച്വറിയും നേടി. 58 പന്തില്‍ നിന്നും 57 റണ്‍സായിരുന്നു ജെയ്സ്വാള്‍ നേടിയത്. ഇംഗ്ലീഷ് ബൗളിങ്ങില്‍ ഷോയ്ബ് ബഷീര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.
നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റും ആര്‍.അശ്വിന്‍ നാല് വിക്കറ്റും നേടികൊണ്ട് ഇംഗ്ലണ്ടിനെ തകര്‍ക്കുകയായിരുന്നു. ശേഷിക്കുന്ന ഒരു വിക്കറ്റ് രവീന്ദ്ര ജഡേജയും വീഴ്ത്തി.
Content Highlight: Indian cricket team historical achievement inn test cricket