| Friday, 22nd September 2023, 11:59 pm

ആദ്യ ഏഷ്യന്‍ രാജ്യം, മുന്‍ഗാമികള്‍ ദക്ഷിണാഫ്രിക്ക; ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂര്‍വ നേട്ടവുമായി ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം.
ഇതോടെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് നിലവില്‍ ഒന്നാമതെത്താനായി. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ മൂന്ന് ഫോര്‍മാറ്റിലും ഒരേ സമയത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. 2012ല്‍ ദക്ഷിണാഫ്രിക്കയാണ് ഈ നേട്ടം കൈവരിച്ചിരുന്നത്.

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനം വിജയിച്ചതിന് പിന്നാലെയാണ് ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമതെത്തിയത്. ഒന്നാമതുള്ള ടീം ഇന്ത്യക്ക് 116 പോയിന്റാണുള്ളത്. 115 പോയിന്റുള്ള പാകിസ്ഥാന്‍ രണ്ടാമതും മൂന്നാമതുള്ള ഓസ്ട്രേലിയക്ക് 111 പോയിന്റുമുണ്ട്.

106 പോയിന്റുള്ള ദക്ഷിണാഫ്രിക്ക നാലാമതും 105 പോയിന്റുള്ള ഇംഗ്ലണ്ട് അഞ്ചാമതുമാണ്. ന്യൂസിലന്‍ഡ്(100), ബംഗ്ലാദേശ്(94), ശ്രീലങ്ക(92), അഫ്ഗാനിസ്ഥാന്‍(80), വെസ്റ്റ് ഇന്‍ഡീസ്(68) എന്നിവരാണ് ആറ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.

അതേസമയം, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യക്ക് നേടാനായത്.
ഓസ്ട്രേലിയ ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 74 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ്സ്‌കോറര്‍. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.


Content Highlight: Indian cricket team has returned to the first position in the ICC ODI rankings

We use cookies to give you the best possible experience. Learn more