2023 ഏഷ്യൻ ഗെയിംസിൽ പുരുഷ ക്രിക്കറ്റ് ഇനത്തിൽ ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് തോൽപിപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ടീം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ടീമിനെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞു വീഴ്ത്തി. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 96 എന്ന നിലയിൽ ബംഗ്ലാദേശ് ചുരുങ്ങുകയായിരുന്നു.
ഇന്ത്യൻ ബൗളിങ് നിരയിൽ ആർ. സായി കിഷോർ 12 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റുകളും വാഷിംഗ്ടൺ സുന്ദർ 15 റൺസ് രണ്ട് വിക്കറ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ ടീം 9.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ യുവതാരം യശ്വസി ജെയ്സ്വാളിനെ ഇന്ത്യക്ക് നഷ്ടമായി. എന്നാൽ തിലക് വർമ്മയും ഋതുരാജ് ഗെയ്ക്‌വാദും ഇന്നിങ്സ് മുന്നോട്ട് നയിക്കുകയായിരുന്നു.
മത്സരത്തിൽ തിലക് വർമ്മ അർധസെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവച്ചു. 26 പന്തിൽ 55 റൺസ് നേടികൊണ്ടായിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്സ്. തിലകിനൊപ്പം നായകൻ ഋതുരാജ് ഗെയ്ക്‌വാദ് 26 പന്തിൽ 40 റൺസ് നേടിക്കൊണ്ട് ഇന്ത്യയുടെ വിജയം എളുപ്പമാക്കി. ഒടുവിൽ 64 പന്തുകളും ഒൻപത് വിക്കറ്റുകളും ബാക്കിനിൽക്കെ ഇന്ത്യ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.
ഫൈനലിൽ എന്തായാലും ഇന്ത്യക്ക് ഒരു മെഡൽ ഉറപ്പാണ്. ഇന്ത്യൻ ടീം സ്വർണമെഡൽ നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
നാളെ ഹാങ്ങ്‌ഷൗവിലെ സെഡ്.ജെ.യു.ടി സ്റ്റേഡിയത്തിലാണ് ഫൈനൽ.
Content Highlight: Indian cricket team enterd the asian games 2023 final.