ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 50 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ഇന്നിങ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ 13 സിക്‌സുകള്‍ ആണ് നേടിയത്. നായകന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഒരു സിക്സും പന്ത് രണ്ട് സിക്‌സും കോഹ്‌ലി, ദുബെ, ഹര്‍ദിക് എന്നിവര്‍ മൂന്ന് സിക്‌സുകളുമാണ് നേടിയത്.
ടി-20 ലോകകപ്പിന്റെ ഒരു ഇന്നിങ്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്നത് ഈ മത്സരത്തിലാണ്. ഇതിനുമുമ്പ് 2007ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 11സിക്‌സുകള്‍ എന്ന നേട്ടം മറികടന്നു കൊണ്ടാണ് ഇന്ത്യ സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ചത്.
അതേസമയം ഇന്ത്യന്‍ ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ ബംഗ്ലാദേശ് തകരുകയായിരുന്നു. 32 പന്തില്‍ 40 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നജുമുല്‍ ഹുസൈന്‍ ഷാന്റോയാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍.
നാളെ സൂപ്പര്‍ 8ലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് രോഹിത് ശര്‍മയും സംഘവും നേരിടുക. മറുഭാഗത്ത് ജൂണ്‍ 25 നടത്തുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ബംഗ്ലാദേശിന്റെ എതിരാളികള്‍.
Content Highlight: Indian Cricket team Create a new Record in T20 World Cup