ഇന്ത്യ-സിംബാബ്വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ 100 റണ്‍സിന്റെ മിന്നും ജയം സ്വന്തമാക്കിയിരുന്നു. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ബാറ്റിങ് തെരഞ്ഞടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 എന്ന കൂറ്റന്‍ ടോട്ടലാണ് സിംബാബ്വെക്ക് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 18.4 ഓവറില്‍ 134 റണ്‍സിന് പുറത്താവുകയായിരുന്നു.
ഇന്ത്യക്കായി സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് അഭിഷേക് ശര്‍മ നടത്തിയത്. 47 പന്തില്‍ 100 റണ്‍സാണ് അഭിഷേക് നേടിയത്. 212.77 പ്രഹര ശേഷിയില്‍ ബാറ്റ് വീശിയ താരം ഏഴ് ഫോറുകളും എട്ട് സിക്സുകളുമാണ് നേടിയത്. താരത്തിന്റെ ആദ്യ ടി-20 സെഞ്ച്വറി നേട്ടമായിരുന്നു ഇത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടി-20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ ടീമെന്ന നേട്ടമാണ് ഇന്ത്യയെ തേടിയെത്തിയത്. 18 സെഞ്ച്വറികളാണ് ഇന്ത്യ ടി-20യില്‍ നേടിയിട്ടുള്ളത്.
17 സെഞ്ച്വറികള്‍ നേടിയ ഐ.പി.എല്‍ ടീം ആയ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്നുകൊണ്ടാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. 19 സെഞ്ച്വറികള്‍ നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഈ പട്ടികയില്‍ ഒന്നാമത്തുള്ളത്.
ഇന്ത്യക്കായി ടി-20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയത് രോഹിത് ശര്‍മയാണ്. അഞ്ച് സെഞ്ച്വറികളാണ് രോഹിത്തിന്റെ പേരിലുള്ളത്. നാല് തവണ സൂര്യകുമാര്‍ യാദവ് 100 കടത്തിയപ്പോള്‍ കെ.എല്‍ രാഹുല്‍ രണ്ട് തവണയും ഇന്ത്യന്‍ ജേഴ്‌സിയില്‍ സെഞ്ച്വറി നേടി. വിരാട് കോഹ്‌ലി, ദീപക് ഹൂഡ, ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, സുരേഷ് റെയ്‌ന, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ തവണയും ഇന്ത്യക്കായി സെഞ്ച്വറി നേടി.
ടി-20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ടീം, സെഞ്ച്വറികളുടെ എണ്ണം എന്നീ ക്രമത്തില്‍
അഭിഷേകിന് പുറമേ ഋതുരാജ് 47 പന്തില്‍ പുറത്താവാതെ 77 റണ്‍സും നേടി. 11 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. രണ്ട് ഫോറുകളും അഞ്ച് സിക്സുകളും ഉള്‍പ്പെടെ 22 പന്തില്‍ പുറത്താവാതെ 48 റണ്‍സ് നേടിയ റിങ്കു സിങ്ങും നിര്‍ണായകമായി.
ഇന്ത്യന്‍ ബൗളിങ്ങില്‍ ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും രവി ബിഷ്ണോയ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ സിംബാബ്വെ തകര്‍ന്നടിയുകയായിരുന്നു.
ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയില്‍ സമനിലയാക്കാനും ഇന്ത്യക്ക് സാധിച്ചു. ജൂലൈ പത്തിനാണ് പരമ്പരയിലെ മൂന്നാം മത്സരം. ഹരാരെയിലാണ് മത്സരം നടക്കുക.
Content Highlight: Indian Cricket Team Create a new Record in T20