ചരിത്രത്തിലെ ആദ്യ ടീം...മറ്റൊരു ടീമിനുമില്ലാത്ത നേട്ടം ഒറ്റ കിരീടംകൊണ്ട് ഇന്ത്യ നേടി
Cricket
ചരിത്രത്തിലെ ആദ്യ ടീം...മറ്റൊരു ടീമിനുമില്ലാത്ത നേട്ടം ഒറ്റ കിരീടംകൊണ്ട് ഇന്ത്യ നേടി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th June 2024, 8:03 am

ഐ.സി.സി ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ലോകകിരീടം സ്വന്തമാക്കി. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ രണ്ടാം ടി-20 കിരീടമാണിത്. 2007ല്‍ എം.എസ് ധോണിക്ക് ശേഷം കുട്ടിക്രിക്കറ്റിലെ കിരീടം ഇന്ത്യന്‍ മണ്ണില്‍ എത്തിക്കാന്‍ രോഹിത് ശര്‍മയ്ക്ക് സാധിച്ചു. കിരീട നേട്ടത്തിന് പിന്നാലെ മറ്റൊരു ചരിത്ര നേട്ടം കൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കിയത്. ഐ.സി.സി ഏകദിന ലോകകപ്പ്, ഐ.സി.സി ടി-20 ലോകകപ്പ്, ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി എന്നിവയെല്ലാം രണ്ട് തവണ നേടുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

1983, 2011 ഈ വര്‍ഷങ്ങളിലായിരുന്നു ഇന്ത്യ ഏകദിന ലോകകപ്പ് നേടിയത്. 2002, 2013 എന്നീ വര്‍ഷങ്ങളില്‍ ചാമ്പ്യന്‍സ് ട്രോഫിയും 2007 ലും 2024ലും ടി-20 കിരീടം നേടിയതോടെയാണ് ഇന്ത്യന്‍ ടീം ഈ ചരിത്ര നേട്ടം കൈപ്പിടിയിലാക്കിയത്.

അതേസമയം 59 പന്തില്‍ 76 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ആറ് ഫോറുകളും രണ്ട് സിക്‌സുകളുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഒരു ഫോറും നാല് സിക്‌സുകളും ഉള്‍പ്പെടെ 31 പന്തില്‍ 47 റണ്‍സ് നേടിയ അക്സര്‍ പട്ടേലും മികച്ച പ്രകടനം നടത്തി.

സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മാര്‍ക്കോ ജാന്‍സണ്‍, കാഗിസോ റബാദ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യന്‍ ബൗളിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക ഏഴ് റണ്‍സകലെ മത്സരം അവസാനിപ്പിക്കുകയായിരുന്നു.

27 പന്തില്‍ 52 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനാണ് സൗത്ത് ആഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. രണ്ട് ഫോറുകളും അഞ്ച് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ക്വിന്റണ്‍ ഡി കോക്ക് 31 പന്തില്‍ 39 റണ്‍സും ട്രിസ്റ്റണ്‍ സ്റ്റംപ്‌സ് 21 പന്തില്‍ 31 റണ്‍സും നേടി.

 

Content Highlight: Indian Cricket Team Create a new Record in Cricket