ഇവനൊന്നും ഈ പരിസരത്ത് ഇല്ലായിരുന്നല്ലോ ഇപ്പോള്‍ എവിടുന്നാണ് വന്നത്? പ്ലാനുകളെല്ലാം പിഴച്ചുപോകുകയാണല്ലോ; ഇന്ത്യക്ക് നേരെ വീണ്ടും വിമര്‍ശനം
Cricket
ഇവനൊന്നും ഈ പരിസരത്ത് ഇല്ലായിരുന്നല്ലോ ഇപ്പോള്‍ എവിടുന്നാണ് വന്നത്? പ്ലാനുകളെല്ലാം പിഴച്ചുപോകുകയാണല്ലോ; ഇന്ത്യക്ക് നേരെ വീണ്ടും വിമര്‍ശനം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th September 2022, 6:15 pm

അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ലോകകപ്പിനുള്ള ടീമിനെ നേരത്തെ തന്നെ തെരഞ്ഞെടുത്തിരുന്നു. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ഓസ്‌ട്രേലിയയേയും ദക്ഷിണാഫ്രിക്കയേയും നേരിടും.

ഓസ്‌ട്രേലിയക്കെതിരെ ട്വന്റി-20 പരമ്പരയും ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പരയും ട്വന്റി-20 പരമ്പരയും കളിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയില്‍ പേസ് ബൗളര്‍ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ പരമ്പരക്ക് മുമ്പ് ഷമിക്ക് കൊവിഡ് പോസിറ്റീവായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഹമ്മദ് ഷമിക്ക് പകരം 34 വയസുകാരനായ ഉമേഷ് യാദവിനെയാണ് ഇന്ത്യ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുറച്ചു നാളുകള്‍ക്ക് മുമ്പാണ് ഉമേഷ് യാദവ് ഇംഗ്ലണ്ടില്‍ നിന്നും മടങ്ങിയെത്തിയത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ മിഡില്‍സെക്‌സിനായി കളിക്കുന്ന അദ്ദേഹം പരിക്ക് കാരണമായിരുന്നു ഇന്ത്യയിലേക്ക് മടങ്ങിയത്. ഇന്ത്യക്ക് വേണ്ടി വിരലില്‍ എണ്ണാവുന്ന ടി-20 മാത്രം കളിച്ചിട്ടുള്ള ഉമേഷ് നിലവിലെ സെറ്റപ്പുമായി ഫിറ്റ് ആകുമോ എന്ന് കണ്ടറിയണം.

ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ ഇത്തരത്തിലുള്ള തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.

ലോകകപ്പിന് ശേഷം ഇന്ത്യ ഒരുപാട് ട്വന്റി-20 മത്സരങ്ങള്‍ കളിച്ചിട്ടും ഒരു മത്സരത്തില്‍ പോലും ടീമില്‍ ഇല്ലാത്ത താരങ്ങളാണ് ഉമേഷ് യാദവും മുഹമ്മദ് ഷമിയുമെന്നാണ് അദ്ദേഹം പറയുന്നത്.

‘കഴിഞ്ഞ ലോകകപ്പ് മുതല്‍, ഇന്ത്യ ടി20 ഗെയിമുകള്‍ ഒരുപാട് കളിച്ചിട്ടുണ്ട്, എന്നാല്‍ ഷമിയും ഉമേഷ് യാദവും അവയിലൊന്നിലും ഇടംപിടിച്ചില്ല, ലോകകപ്പിന് വെറും നാലാഴ്ച മാത്രം ശേഷിക്കെ ഇരുവരും പ്ലാനുകളുടെ ഭാഗമായി. പ്ലാനുകള്‍ അല്‍പം പിഴച്ചോ?,’ ആകാശ് ചോപ്ര ട്വിറ്ററില്‍ കുറിച്ചു.

ഒരുപാട് താരങ്ങള്‍ ഷമിയുടെയും ഉമേഷിന്റെയും സെലക്ഷനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇരുവരും കളിച്ചപ്പോഴെല്ലാം കഴിവ് തെളിയിച്ചവരാണെന്നും ആവശ്യമായ ബാക്കപ്പ് കൊടുക്കുമെന്നും നായകന്‍ രോഹിത് ശര്‍മ അറിയിച്ചു.

Content Highlight: Indian Cricket slamed By Akash Chopra for selecting Umesh Yadav And Muhammed Shami