ഈ വര്‍ഷം ഒക്‌ടോബറില്‍ നടക്കുന്ന ഓസ്‌ട്രേലിയിയില്‍ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും പരമ്പര കളിക്കാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം.
സെപ്റ്റംബര്‍ മൂന്നാം വാരമാണ് ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പര ആരംഭിക്കുന്നത്. അതിന് ശേഷം സെപ്റ്റംബര്‍ അവസാനമാണ് ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പര അരങ്ങേറുന്നത്. ഇരു പരമ്പരകളിലും മൂന്ന വീതം ട്വന്റി-20 മത്സരങ്ങളാണുള്ളത്.
നിലവില്‍ ഏകദിന ടി-20 പരമ്പരകള്‍ക്കായി വെസ്റ്റ് ഇന്‍ഡീസിലാണ് ടീം ഇന്ത്യ. വിന്‍ഡീസ് പര്യടനത്തിന് ശേഷം സിംബാബ്‌വേയിലേക്കാണ് ഇന്ത്യ പര്യടനം നടത്തുന്നത്. യുവ നിരയായിരിക്കും സിംബാബ്‌വേ പര്യടനത്തില്‍ കളിക്കാനിറങ്ങുക. പിന്നീട് ഏഷ്യ കപ്പിലും ഇന്ത്യന്‍ ടീം കളിക്കാനിറങ്ങും.
ലോകകപ്പിന് മുന്നോടിയായി മികച്ച ടീമിനെ തന്നെ തെരഞ്ഞെടുക്കാന്‍ ഈ പരമ്പരകളിലെ പ്രകടനം കണക്കിലെടുത്ത് ഇന്ത്യന്‍ ടീമിനാകും. ലോകകപ്പിന് മുന്നോടിയായി പ്രധാന താരങ്ങളെ ഫോമിലെത്തിക്കാനും ഈ ഷെഡ്യൂള്‍കൊണ്ട് ഇന്ത്യന്‍ ടീമിന് സാധിക്കും. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ നാണംകെട്ട് പുറത്തായതിന് പരിഹാരമായി ഇത്തവണ രണ്ടും കല്‍പിച്ചാണ് ടീം ഇറങ്ങുക.
ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരെ പരമ്പര കളിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങളെ വിലയിരുത്താന്‍ സാധിക്കും. മികച്ച ടീമുകള്‍ക്കെതിരെ കളിച്ചുവരുന്ന ഇന്ത്യക്ക് ലോകകപ്പിന് മുന്നോടിയായി മികച്ച രീതിയിലുള്ള കോണ്‍ഫിഡന്‍സ് നേടിയെടുക്കാന്‍ സാധിക്കും.
സെപ്റ്റംബര്‍ 20നാണ് ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ട്വന്റി-20 മത്സരം. മൊഹാലിയില്‍ വെച്ചാണ് ആദ്യ ട്വന്റി-20 മത്സരം നടക്കുക. രണ്ടാം മത്സരം സെപ്റ്റംബര്‍ 23ന് നാഗ്പൂരില്‍ വെച്ച് നടക്കും. ഹൈദരാബാദില്‍ വെച്ച് സെപ്റ്റംബര്‍ 25നാണ് അവസാന മത്സരം.
സെപ്റ്റംബര്‍ 28ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ആദ്യ മത്സരത്തില്‍ തിരുവനന്തപുരം കാര്യവട്ടമാണ് വേദിയാകുന്നത്. രണ്ടാം ട്വന്റി-20 ഒക്‌റ്റോബര്‍ ഒന്നിന് ഗുവ്ഹാറ്റിയിലും മൂന്നാം മത്സരം ഒക്‌റ്റോബര്‍ മൂന്നിന് ഇന്‍ഡോറിലും അരങ്ങേറും.