ഇംഗ്ലീഷ് സൂപ്പര്‍ താരം ജോ റൂട്ടിന്റെ ഐ.പി.എല്‍ അരങ്ങേറ്റം ആരാധകരൊന്നാകെ ആഘോഷമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ നടന്ന മിനി ലേലത്തിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ് റൂട്ടിനെ സ്വന്തമാക്കിയത്. അന്ന് തൊട്ട് താരത്തിന്റെ അരങ്ങേറ്റത്തിനായിരുന്നു ആരാധകര്‍ കാത്തിരുന്നത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ റൂട്ട് അരങ്ങേറിയതിന് പിന്നാലെ ഐ.പി.എല്ലും ചരിത്രത്തിന്റെ ഭാഗമായിരുന്നു. ഫാബ് ഫോറിലെ നാല് താരങ്ങളും കളിച്ച ഏക ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് എന്ന റെക്കോഡാണ് ഐ.പി.എല്ലിനെ തേടിയെത്തിയത്.
സണ്‍റൈസേഴ്‌സിനെതിരെ അരങ്ങേറിയെങ്കിലും മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. നാലാമനായി താരം കളത്തിലിറങ്ങും എന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്.
എന്നാല്‍ രാജസ്ഥാന്‍ താരത്തെ കളത്തിലിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. 19ാം ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍ പുറത്തായപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയറിനെയാണ് റോയല്‍സ് കളത്തിലിറക്കിയത്. ഇതോടെയാണ് താരത്തിന് ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങാന്‍ സാധിക്കാതെ പോയത്.
എന്നാല്‍ ഇതാദ്യമായല്ല അരങ്ങേറ്റ മത്സരത്തില്‍ താരത്തിന് ബാറ്റിങ് ലഭിക്കാതിരിക്കുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ രണ്ട് ഫോര്‍മാറ്റിലും അരങ്ങേറ്റ മത്സരത്തില്‍ താരത്തിന് ബാറ്റിങ് ലഭിച്ചിരുന്നില്ല. ഏകദിന, ടി-20 അരങ്ങേറ്റത്തിലേതെന്ന പോലെയാണ് എ.പി.എല്ലിലും ഡെബ്യൂ മത്സരത്തില്‍ താരത്തിന് ബാറ്റിങ് നഷ്ടമായത്.
ഇതിന് പുറമെ റൂട്ടിന്റെ കരിയറും ഇന്ത്യന്‍ ഗ്രൗണ്ടുകളും ത്മിലുള്ള അഭേദ്യമായ ബന്ധം കൂടിയാണ് കഴിഞ്ഞ ദിവസം സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ഊട്ടിയുറപ്പിക്കപ്പെട്ടത്.
ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും റൂട്ടിന്റെ അന്താരാഷ്ട്ര കരിയറിന് തുടക്കം കുറിച്ചത് ഇന്ത്യന്‍ മണ്ണില്‍ നിന്നുമാണ്.
2012 ഫെബ്രുവരിയിലാണ് റൂട്ട് ടെസ്റ്റ് ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് നാഗ്പൂരില്‍ വെച്ച് ഇംഗ്ലണ്ടിനായി റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ ആദ്യ പന്ത് നേരിട്ടത്.
അതേവര്‍ഷം ഡിസംബറില്‍ റൂട്ട് കുട്ടിക്രിക്കറ്റിലും അരങ്ങേറി. 2021 ഡിസംബറില്‍ മുംബൈയില്‍ വെച്ച് ഇന്ത്യക്കെതിരെയായിരുന്നു റൂട്ടിന്റെ വൈറ്റ് ബോള്‍ ഡെബ്യൂ. തൊട്ടടുത്ത വര്‍ഷം ജനുവരിയില്‍ രാജ്‌കോട്ടില്‍ വെച്ച് താരം ഏകദിനത്തിലും അരങ്ങേറി.
ഇതിന്റെ ഒരു എക്‌സ്‌റ്റെന്‍ഷന്‍ മാത്രമായിരുന്നു ജയ്പൂരില്‍ കണ്ടത്. രണ്ട് വര്‍ഷം മുമ്പായിരുന്നു താരം എ.പി.എല്‍ കളിക്കാന്‍ തിരുമാനിക്കുന്നതെങ്കില്‍ ആ അരങ്ങേറ്റം ഒരിക്കലും ഇന്ത്യന്‍ മണ്ണില്‍ വെച്ചായിരിക്കില്ല.
ആദ്യ മത്സരത്തില്‍ ബാറ്റിങ് ലഭിച്ചില്ലെങ്കിലും തൊട്ടുത്ത മത്സരങ്ങളില്‍ താരത്തിന്റെ മികച്ച ബാറ്റിങ് പ്രകടനം കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: Indian Cricket grounds and Joe Root’s debut matches