| Wednesday, 21st September 2022, 9:15 am

'ഇവനെ എന്തിനാണ് ഇനിയും നമ്പുന്നത്, എതിരാളികള്‍ക്ക് വേണ്ടി ബൗള്‍ ചെയ്യുന്നവന്‍'; ഇന്ത്യന്‍ ബൗളറെ ട്വിറ്ററില്‍ എയറില്‍ കയറ്റി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഓസ്‌ട്രേലിയ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. കൂറ്റന്‍ സ്‌കോറുകള്‍ക്ക് പേരുകേട്ട മൊഹാലിയില്‍ ടോസ് ലഭിച്ച കങ്കാരുപ്പട ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ മികച്ച ടോട്ടല്‍ തന്നെ കണ്ടെത്തിയിരുന്നു. തുടക്കം മുതല്‍ അറ്റാക്കിങ് അപ്രോച്ച് വെച്ച് കളിച്ച ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൊളുത്തി വിട്ട തിരി അവസാനം ഹര്‍ദിക് പാണ്ഡ്യ ഏറ്റെടുക്കുകയായിരുന്നു.

ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ 30 പന്തില്‍ 71 റണ്‍സും കെ.എല്‍ രാഹുല്‍ 55 റണ്‍സും സ്വന്തമാക്കി. 46 റണ്‍സുമായി സൂര്യകുമാര്‍ യാദവ് ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കി. ബാറ്റര്‍മാര്‍ അക്ഷാര്‍ത്ഥത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇന്ത്യക്ക് പണി കൊടുക്കുകയായിരുന്നു.

209 ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയ ഓസീസ് തുടക്കം മുതല്‍ ആക്രമിച്ചായിരുന്നു കളിച്ചത്. അതിനൊത്ത് മോശം ബൗളിങ്ങുമായി ഇന്ത്യന്‍ ടീമിന്റെ പ്രകടനവും. ഇരു ടീമിലെയും ബാറ്റര്‍മാരുടെ അഴിഞ്ഞാട്ടമായിരുന്നു മത്സരത്തിലുടനീളം. എന്നാല്‍ ബാറ്റര്‍മാരുടെ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍ അക്‌സര്‍ പട്ടേല്‍ വേറിട്ട് നിന്നിരുന്നു.

നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് അദ്ദേഹം കൊയ്തത്. ഒരു ഘട്ടത്തില്‍ മത്സരം ഇന്ത്യക്കായി തിരിക്കാന്‍ അക്‌സറിന്റെ സ്‌പെല്ലിന് സാധിച്ചിരുന്നു. എന്നാല്‍ മറ്റു ബൗളര്‍മാര്‍ ഓസീസിനായുള്ള പ്രകടനം തുടര്‍ന്നുകൊണ്ടിരുന്നു.

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ അടിവാങ്ങിയത് എക്‌സ്പീരിയന്‍സ്ഡായിട്ടുള്ള ഭുവനേശ്വര്‍ കുമാറായിരുന്നു. നാല് ഓവറില്‍ 52 റണ്‍സാണ് അദ്ദേഹം വിട്ടുനല്‍കിയത്. 49 റണ്‍സുമായി ഹര്‍ഷല്‍ പട്ടേല്‍ തൊട്ടുപിന്നാലെ തന്നെയുണ്ടായിരുന്നു.

മത്സരത്തിന്റെ നിര്‍ണായക ഓവറായ 19ാം ഓവറിലും അതിന് മുമ്പ് എറിഞ്ഞ 17ാം ഓവറിലും ഭുവി റണ്ണൊഴുക്കിയിരുന്നു. ഓസീസ് താരങ്ങള്‍ അടിച്ചുകൂട്ടുന്നതിനോടൊപ്പം തന്നെ ഭുവി അവര്‍ക്കായി വൈഡ് ബോളുകളും ചെയ്ത് സഹായിച്ചു. ഒരു ബൗളറെന്ന നിലയില്‍ ഭുവിയുടെ ഏറ്റവും മോശം പ്രകടനമാണ് നിലവില്‍ കാണാന്‍ സാധിക്കുന്നത്. കളിക്കുന്ന എല്ലാ മത്സരത്തിലും അദ്ദേഹം ഡെത്ത് ഓവറില്‍ നന്നേ പരാജയമാകുകയാണ്.

ഭുവിയുടെ ഈ സ്‌പെല്ലിനെയും 19ാം ഓവറിലെ മോശം ബൗളിങ്ങിനെയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നുണ്ട്. ഇയാളെയൊക്കെ എന്ത് വിശ്വസിച്ചാണ് ലോകകപ്പിന് കൊണ്ടുപോകുക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ജീവിത് പാഠം 99; ഒരിക്കലും ഭുവിക്ക് 19ാം ഓവര്‍ നല്‍കരുത് എന്നാണ് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത്. എന്തായാലും ബൗളിങ്ങിലായാലും സോഷ്യല്‍ മീഡിയയില്‍ ആയാലും ഭുവിക്ക് ഇത് നല്ല കാലമല്ല.

അതേസമയം, ഓസീസിനായി കാമറൂണ്‍ ഗ്രീന്‍ 61 റണ്‍സ് നേടി കളിയിലെ താരമായി. കരിയറില്‍ ആദ്യമായി ഓപ്പണിങ് ഇറങ്ങിയ ഈ 23 വയസുകാരന്‍ ആദ്യ ഓവര്‍ മുതല്‍ തകര്‍ത്തടിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ഫിനിഷിങ്ങില്‍ മാരക അടി അടിച്ച മാത്യു വെയ്ഡ് 21 പന്തില്‍ 45 റണ്‍സ് നേടിയിരുന്നു. മൂന്നാമനായി ഇറങ്ങിയ സ്റ്റീവ് സ്മിത് 35 റണ്‍സ് നേടിയിരുന്നു.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം സെപ്റ്റംബര്‍ 23ന് വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.

Content Highlight: Indian Cricket fans Slams Bhuvaneshwar Kumar after his worst performance against Australia

We use cookies to give you the best possible experience. Learn more