ലോകകപ്പ് ഫൈനല്‍ തോല്‍വി; ഓസ്‌ട്രേലിയന്‍ താരത്തിന്റെ മകള്‍ക്കെതിരെ ബലാല്‍സംഘ ഭീഷണി മുഴക്കി ഇന്ത്യന്‍ ആരാധകര്‍
Cricket
ലോകകപ്പ് ഫൈനല്‍ തോല്‍വി; ഓസ്‌ട്രേലിയന്‍ താരത്തിന്റെ മകള്‍ക്കെതിരെ ബലാല്‍സംഘ ഭീഷണി മുഴക്കി ഇന്ത്യന്‍ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st November 2023, 4:44 pm

ഐ.സി.സി ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ആറ് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ആറാം ലോകകിരീടം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ പതിനൊന്ന് മത്സരങ്ങള്‍ ജയിച്ചുകൊണ്ടായിരുന്നു ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലില്‍ ഓസ്‌ട്രേലിയയോടേറ്റ തോല്‍വി ഇന്ത്യന്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും വലിയ നിരാശയാണ് സമ്മാനിച്ചത്.

ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരെയും അവരുടെ കുടുംബത്തിനെതിരെയും തിരിഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നടത്തുകയായിരുന്നു ആരാധകര്‍.

ഓസ്‌ട്രേലിയന്‍ ബാറ്ററായ ട്രാവിസ് ഹെഡിന്റെ ഭാര്യക്കും കുട്ടിക്കുമെതിരെ ബലാല്‍സംഘ ഭീഷണികളാണ് ആരാധകര്‍ മുഴക്കിയത്. സോഷ്യല്‍ മീഡിയയില്‍ ഹെഡിന്റെ ഭാര്യയും കുട്ടിയും ഉള്ള ഫോട്ടോകളുടെ താഴെ ബലാല്‍സംഘ ഭീഷണികള്‍ ഉള്ള അധിക്ഷേപ കമന്റുകള്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു ആരാധകര്‍.

ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ ഇന്ത്യന്‍ വംശജയായ ഭാര്യ വിനി രാമനെതിരെയും ആരാധകര്‍ തിരിഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച് വിനി രാമന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായി എത്തി. മാക്‌സ്വെല്ലിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യുകയായിരുന്നു വിനി. ഭര്‍ത്താവിന്റ ടീമിനെ പിന്തുണച്ചാല്‍ എന്താണ് കുഴപ്പമെന്നായിരുന്നു പോസ്റ്റിന്റെ ക്യാപ്ഷന്‍.

ഫൈനലില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡ് സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയിരുന്നു. 120 പന്തില്‍ 137 റണ്‍സാണ് ഹെഡ് നേടിയത്. ഹെഡിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കരുത്തിലാണ് ഓസീസ് ആറാം ലോകകിരീടത്തില്‍ മുത്തമിട്ടത്.

ഓസീസ് ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ 240 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ രോഹിത് ശര്‍മ 47 റണ്‍സ് വിരാട് കോഹ്ലി 54 റണ്‍സ് കെ.എല്‍ രാഹുല്‍ 66 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 43 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.

നവംബര്‍ 23 മുതല്‍ ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പര കളിക്കും.

Content Highlight: Indian cricket fans attacked Australian cricketers on social media.