വാഷിംഗ്ടണ്‍: ജനിതകമാറ്റം വന്ന കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം നിലവില്‍ 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബ്രിട്ടണിലാണ് പുതിയ വൈറസ് സാന്നിദ്ധ്യം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
‘ബി.1.617 എന്ന ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് ഒക്ടോബറിലാണ് ഇന്ത്യയില്‍ കണ്ടെത്തിയത്. അതിനുശേഷം വൈറസിന്റെ വിവിധ സാംപിളുകള്‍ കണ്ടെത്തി. ഏകദേശം 44 രാജ്യങ്ങളില്‍ ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ബ്രിട്ടണിലാണ് വൈറസ് സാന്നിദ്ധ്യം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്,’ ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യ വൈറസിനെക്കാള്‍ കൂടുതല്‍ അപകടകാരിയാണ് ജനിതകമാറ്റം സംഭവിച്ച വൈറസെന്നും വ്യാപനശേഷി കൂടുതലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തി മൂന്ന് ലക്ഷം പിന്നിട്ടിരിക്കുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 16,31,6986 ആയി. പതിമൂന്ന് കോടിയിലധികം ആളുകള്‍ കൊവിഡ് മുക്തരായി.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യു എസില്‍ 5.96 ലക്ഷം പേരാണ് മരിച്ചത്. രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ബ്രസീലിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. 4.25 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.
രാജ്യത്ത് ഇതുവരെ ഒന്നരക്കോടിയിലധിം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങളാണ് കൊവിഡ് കണക്കുകളില്‍ തൊട്ടടുത്ത സ്ഥാനത്തുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Indian Covid Variant Found In 44 Countries