| Monday, 20th May 2024, 3:42 pm

കൊവാക്‌സിനെതിരായ ബനാറസ് സര്‍വകലാശാലയുടെ പഠനം തള്ളി ഐ.സി.എം.ആര്‍; പഠനം സംബന്ധിച്ച് അവ്യക്തത ഉണ്ടെന്ന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കൊവിഡ് വാക്സിനായ കൊവാക്സിന്റെ പാർശ്വ ഫലങ്ങളെക്കുറിച്ചുള്ള ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനങ്ങൾ വസ്തുത വിരുദ്ധമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ ഐ.സി.എം.ആറിനെ ഉദ്ധരിച്ചത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗവേഷകർക്കും ജേണൽ എഡിറ്റർക്കും ഐ.സി.എം.ആറിന്റെ ഡയറക്ടർ ജനറൽ രാജീവ് ബാൽ കത്തയച്ചു.

ഐ.സി.എമ്മിലെ ആരുമായും ഗവേഷകർ ബന്ധപ്പെട്ടിട്ടില്ലെന്നും ഗവേഷണത്തിനാവശ്യമായ വിവരങ്ങൾ ശേഖരിച്ചതിൽ പോലും അപാകതകളുണ്ടെന്നും രാജീവ് ബാൽ പറഞ്ഞു. ആകെ 926 പേരിലായിരുന്നു പഠനം. അതുകൊണ്ട് തന്നെ ആളുകളുടെ തെരഞ്ഞെടുപ്പിൽ പക്ഷപാതം നടക്കാനുള്ള സാഹചര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ബയോടെക് ആണ് കൊവാക്സിൻ പുറത്തിറക്കിയത്. കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിനു പിന്നാലെ കൊവാക്സിനും പാർശ്വഫലമുണ്ടെന്നായിരുന്നു റിപ്പോർട്ട്.

കൊവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം പറയുന്നത്. 2022 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെയായിരുന്നു പഠനം നടന്നത്. വാക്സിനെടുത്തവരിൽ പലർക്കും ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധ, ചർമ്മ രോഗം, ആർത്തവപ്രശ്നങ്ങൾ തുടങ്ങിയവയുണ്ടായെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

ഡോ. ശങ്ക ശുഭ്ര ചക്രബർത്തിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

ജർമനി ആസ്ഥാനമായുള്ള സ്പ്രിംഗർ ഇങ്ക് എന്ന ജേർണലിൽ ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 291 മുതിർന്നവരിലും 635 കൗമാരക്കാരിലുമായി ആകെ 926 പേരിലായിരുന്നു പഠനം.

ഒരുവർഷം കഴിഞ്ഞശേഷം 926 പേരിൽ 50 ശതമാനത്തോളം പേർക്ക് അണുബാധയുണ്ടായതായി സ്ഥിരീകരിച്ചു. മുതിർന്നവരിൽ നാലുപേർ മരിച്ചു. ഈ നാലുപേരും പ്രമേഹബാധിതരായിരുന്നു. മൂന്നുപേർക്കു ഹൈപ്പർടെൻഷനും ഉണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

നേരത്തെ കൊവിഷീൽഡിന്റെ പാർശ്വഫലങ്ങളെ കുറിച്ച് പരാതി ഉയർന്നിരുന്നു. പിന്നീട് വാക്‌സിൻ്റെ ഉത്പാദനവും വിതരണവും പൂർണമായി അവസാനിപ്പിക്കുന്നതായി ആസ്ട്രാസെനെക്ക കമ്പനി തന്നെ വ്യക്തമാക്കുകയുണ്ടായി.

എന്നാൽ പാർശ്വഫലങ്ങൾ ഉള്ളതുകൊണ്ടല്ല വാക്‌സിൻ പിൻവലിക്കുന്നതെന്നും നിരവധി വാക്സിനുകൾ മാർക്കറ്റിലുള്ളതിനാൽ തങ്ങളുടെ വിൽപന കുത്തനെ കുറഞ്ഞുപോയെന്നുമായിരുന്നു കമ്പനിയുടെ വിശദീകരണം. പാർശ്വഫലങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട എന്നാണ് കമ്പനി പറഞ്ഞത്.

കൊവിഷീൽഡ്‌ രക്തം കട്ടപിടിക്കുന്ന അല്ലെങ്കിൽ രക്തത്തിലെ പ്ലേറ്റിലെറ്റുകളുടെ എണ്ണം കുറയുന്ന ടി.ടി. എസ് എന്ന രോഗാവസ്ഥക്ക് കാരണമാകും എന്നായിരുന്നു പുറത്തു വിട്ട റിപോർട്ടുകൾ പറഞ്ഞിരുന്നത്.

Content Highlight: Indian Council of Medical Research (ICMR) distance itself from BHU study on Covaxin

We use cookies to give you the best possible experience. Learn more