national news
കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നു: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് - ബയേര്‍ ധാരണപത്രം
ന്യൂദല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍) ബഹുരാഷ്ട കുത്തക കമ്പനിയായ ബയേറുമായുള്ള കരാറില്‍ ഒപ്പുവെച്ചു. കാര്‍ഷിക മേഖലയിലെ ഉത്പാദനം വര്‍ധിപ്പിക്കാനും മെച്ചപ്പെട്ട വിപണി കണ്ടെത്താനുമാണ് കരാറെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.
ചെറുകിട കര്‍ഷകരെ മുന്‍നിരയിലേക്ക് എത്തിക്കാനും ജീവിത നിലവാരം ഉയര്‍ത്താനും കരാറിലൂടെ സാധിക്കുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ജൂണ്‍ മാസത്തില്‍ ആമസോണ്‍ കിസാനുമായും ഐ.സി.എ.ആര്‍ കരാര്‍ ഒപ്പുവെച്ചിരുന്നു.
വിത്ത് വികസനത്തിന്റെ അനുബന്ധ മേഖലകളിലും മറ്റും ഗവേഷണത്തിനായി സൗകര്യങ്ങളും ലാബുകളും ഒരുക്കാന്‍ ഐ.സി.എ.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ശ്രമിക്കുന്നുവെന്നും കൂടാതെ പേറ്റന്റ് ഉള്ള ഉല്‍പ്പന്നങ്ങളുടെ റോയല്‍റ്റി സ്വകാര്യ മേഖലയുമായി പങ്കിടുന്നതിനെ കുറിച്ച് പരിശോധിക്കുമെന്നും ഐ.സി.എ.ആര്‍ ഡയറക്ടര്‍ ജനറല്‍ ഹിമാന്‍ഷു പഥക് പറഞ്ഞു.
രണ്ട് മാസത്തിനുള്ളില്‍ കാര്‍ഷിക മേഖലയിലെ എല്ലാ ശൃംഖലയിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൊണ്ടുവരാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നടപ്പിലാക്കാന്‍ കൗണ്‍സില്‍ ആലോചിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരാര്‍ അടിസ്ഥാനത്തില്‍ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിലൂടെയും സാങ്കേതിക അറിവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തികൊണ്ടുള്ള പരിപാടികളും ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കായി രാജ്യത്ത് വിജ്ഞാന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ഐ.സി.എ.ആര്‍ അധികൃതര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഐ.സി.എ.ആറിന്റെ പാരമ്പര്യത്തെയും പൊതുജനങ്ങളിലുള്ള വിശ്വാസത്തെയും ചൂഷണം ചെയ്തുകൊണ്ട് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കാര്‍ഷിക മേഖലയിലേക്ക് കടന്നുകയറാനുള്ള അവസരമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാറെന്ന് അഖിലേന്ത്യാ കിസാന്‍സഭ ചൂണ്ടിക്കാട്ടി.
ബഹുരാഷ്ട കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനായുള്ള ഉപകരണമായി ഐ.സി.എ.ആര്‍ മാറുന്നതിനെതിരേ കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉണ്ടാവണമെന്ന് കിസാന്‍സഭ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണനും പ്രസിഡന്റ് അശോക് ധവളെയും ആവശ്യപ്പെട്ടു.
കാര്‍ഷികപ്രക്ഷോഭത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്ന കാര്‍ഷികബില്ലുകള്‍ പിന്‍വാതിലിലൂടെ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നും ആരോപണം ഉയര്‍ന്നു.
Content Highlight: Indian Council of Agriculture Research Center has signed an agreement with Bayer