കൊളംബോ: ശ്രീലങ്കയിലെ സ്‌ഫോടനപരമ്പരകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്കു കടക്കുന്നത് തടയാന്‍ തീരദേശസേന സമുദ്രാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി.
സേനയുടെ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും അടക്കമുള്ളവയാണു നിരീക്ഷണം നടത്തുന്നത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്ന ബോട്ടുകള്‍ അടക്കമുള്ളവ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കും.
മുന്‍പ് മുംബൈ ഭീകരാക്രമണം നടത്താനായി ഭീകരര്‍ കടല്‍മാര്‍ഗം എത്തിയ സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
സ്‌ഫോടനപരമ്പരയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് അടിയന്തരാവസ്ഥ നിലവില്‍ വരുന്നത്. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണു പ്രഖ്യാപനം നടത്തിയത്.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ) എന്ന ഭീകരസംഘടനയാണെന്ന് ശ്രീലങ്കന്‍ ആരോഗ്യമന്ത്രി രാജിത സേനരത്‌നെ വ്യക്തമാക്കിയിരുന്നു. ഏഴു ചാവേറുകളാണ് സ്‌ഫോടനപരമ്പര നടത്തിയത്.
ക്രൈസ്തവ വിശ്വാസികളെയും വിദേശികളെയും ലക്ഷ്യമിട്ടു നടത്തിയ ആക്രമണങ്ങളില്‍ 290 പേരാണു കൊല്ലപ്പെട്ടത്.