കൊല്‍ക്കത്ത: ആന്‍ഡമാന്‍ കടലില്‍ കുടുങ്ങിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി ഇന്ത്യന്‍ നാവികേസനയും തീരരക്ഷാസേനയും. ഏഴ് ദിവസത്തിലേറെയായി കടലില്‍ കുടുങ്ങി കിടക്കുകയായിരുന്ന അഭയാര്‍ത്ഥികള്‍ക്കാണ് ഇന്ത്യ സഹായം എത്തിച്ചത്. എന്നാല്‍ ഇവരെ എത്രയും വേഗം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയാണ് വേണ്ടതെന്ന് മനുഷ്യാവകാശ സംഘടനകള്‍ അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 11ന് ബംഗ്ലാദേശിലെ കോക്‌സസ് ബസാറില്‍ നിന്നും തെക്ക് കിഴക്കന്‍ ഏഷ്യയിലേക്ക് പുറപ്പെട്ട് ബോട്ടിന്റെ എഞ്ചിന് തകരാറിലാതിനെ തുടര്‍ന്നാണ് ഇവര്‍ നടുക്കടലില്‍ പെട്ടത്. 90ഓളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുണ്ടായിരുന്ന ബോട്ട് ഏഴ് ദിവസം മുന്‍പാണ് പ്രവര്‍ത്തനരഹിതമായത്. പിന്നീട് ബോട്ട് ഒഴുകിനീങ്ങി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ എത്തി. ഇതിനിടെ വയറിളക്കവും നിര്‍ജലീകരണവും ബാധിച്ച് എട്ട് പേര്‍ മരിച്ചു.
കടലില്‍ കുടുങ്ങിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ രക്ഷിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യു.എന്‍ ഹൈകമ്മീഷണര്‍ ഫോര്‍ റഫ്യൂജീസ് (യു.എന്‍.എച്ച്.സി.ആര്‍) ആയിരുന്നു സഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
എത്രയും വേഗം തന്നെ കടലില്‍ കുടുങ്ങിയ റോഹിങ്ക്യകളുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടിയുണ്ടാകണമെന്നും ഇനിയും ദുരന്തങ്ങളുണ്ടാകുന്നത് തടയണമെന്നുമായിരുന്നു യു.എന്‍.എച്ച്.സി.ആര്‍ ട്വീറ്റ് ചെയ്തത്. കടലില്‍ കുടുങ്ങിയവരെ രക്ഷിക്കുക എന്നത് പുരാതനകാലം തൊട്ട് പാലിച്ചു പോരുന്ന കടമയാണെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ ഈ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇന്ത്യ വിഷയത്തില്‍ ഇടപെട്ടത്. ഭക്ഷണവും വെള്ളവും വൈദ്യസഹായവും നല്‍കുന്നത് സ്വാഗതാര്‍ഹമായ നടപടിയാണെങ്കിലും ഇവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ തയ്യാറാകാത്തത് മനുഷ്യത്വരാഹിത്യമാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടത്.
തകരാറിലായ ബോട്ടിന്റെ എഞ്ചിന്‍ ശരിയാക്കി നല്‍കാനുള്ള ഇന്ത്യയുടെ നടപടികള്‍ ഇവരെ വീണ്ടും ദുരിതയാത്രയിലേക്ക് തിരിച്ചുവിടാനുള്ളതിന്റെ സൂചനയാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Indian Coast Guard gives water and food to Rohingya refugees trapped in Sea