പാക്കിസ്ഥാന്‍ പിടികൂടിയ മത്സ്യ തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
national news
പാക്കിസ്ഥാന്‍ പിടികൂടിയ മത്സ്യ തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th November 2024, 10:47 pm

ലഖ്‌നൗ: പാക്കിസ്ഥാന്‍ മാരിടൈം സെക്യൂറിറ്റി ഏജന്‍സിയുടെ കപ്പലില്‍ നിന്ന് മത്സ്യ തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഏഴ് ഇന്ത്യന്‍ മത്സ്യതൊഴിലാളികളെയായിരുന്നു പാക്കിസ്ഥാന്‍ സെക്യൂരിറ്റി ഏജന്‍സി കസ്റ്റഡിയിലെടുത്തത്.

പിന്നാലെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പാക്ക് കപ്പലിനെ പിന്തുടരുകയും മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുകയും ചെയ്തു. സമുദ്രാതിര്‍ത്തിയിലെ നോ ഫിഷിങ് സോണിലാണ് സംഭവം.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഇന്ത്യ- പാക്കിസ്ഥാന്‍ സമുദ്രാതിര്‍ത്തിയിലെ നോ ഫിഷിങ് സോണില്‍ നിന്ന് കപ്പലിന്റെ സന്ദേശം കോസ്റ്റ് ഗാര്‍ഡിന് ലഭിച്ചതോടെയാണ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. മറ്റൊരു കപ്പലിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തുവെന്നായിരുന്നു സന്ദേശം.

പിന്നാലെ കോസ്റ്റ് ഗാര്‍ഡ് വിഷയത്തിലിടപെടുകയും പാക്കിസ്ഥാന്‍ സുരക്ഷാ ഏജന്‍സിയുടെ കപ്പലിനെ പിന്തുടരുകയും തൊഴിലാളികളെ മോചിപ്പിക്കുകയുമായിരുന്നു.

കോസ്റ്റ് ഗാര്‍ഡ് ഇതുസംബന്ധിച്ചിറക്കിയ വാര്‍ത്താക്കുറിപ്പ് പുറത്തുവന്നതോടെയാണ് വിവരം അറിയുന്നത്. മത്സ്യ തൊഴിലാളികളെ പിടികൂടാനായുള്ള യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിന്നാലെ ഞായറാഴ്ച തന്നെ ഏഴ് മത്സ്യ തൊഴിലാളികളുമായി കോസ്റ്റ് ഗാര്‍ഡ് ഗുജറാത്ത് തീരത്ത് എത്തുകയും ചെയ്തു. മത്സ്യ തൊഴിലാളികളുടെ ആരോഗ്യനിസല തൃപ്തികരമാണെന്നും കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് ഗുജറാത്ത് പൊലീസും കോസ്റ്റ് ഗാര്‍ഡും ഫിഷറീസ് വകുപ്പും അന്വേഷണം പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Indian Coast Guard frees fishermen captured by Pakistan