അഡ്‌ലൈഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വിജയത്തിന് പിന്നാലെ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കോച്ച് രവി ശാസ്ത്രി വിവാദത്തില്‍. വിജയത്തിനു പിന്നാലെ കമന്ററി ബോക്സിലിരുന്ന സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ളവരോട് പ്രതികരിക്കുന്നതിനിടെയടാണ് രവി ശാസ്ത്രി മോശം പദപ്രയോഗം നടത്തിയത്.
ഓസീസ് വാലറ്റം നടത്തിയ ചെറുത്തു നില്‍പ്പിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ശാസ്ത്രി മോശം പദപ്രയോഗത്തിലൂടെ മറുപടി നല്‍കിയത്. ലൈവ് ചര്‍ച്ചക്കിടെയായിരുന്നു ഇത്. ഇതുകേട്ട് കമന്ററി ബോക്സില്‍ സുനില്‍ ഗാവാസ്‌ക്കര്‍ക്കൊപ്പമുണ്ടായിരുന്ന മുന്‍ ഓസീസ് മൈക്കല്‍ ക്ലാര്‍ക്ക് ശാസ്ത്രി എന്താണ് ഹിന്ദിയില്‍ പറഞ്ഞതെന്ന് ഗവാസ്‌കറോട് ചോദിച്ചു.
എന്നാല്‍ കുട്ടികളും കുടുംബങ്ങളും എല്ലാം കാണുന്ന ചാനലായതിനാല്‍ ശാസ്ത്രി പറഞ്ഞത് പരിഭാഷപ്പെടുത്താനാവില്ലെന്നായിരുന്നു ഗവാസ്‌കറുടെ മറുപടി.
ശാസ്ത്രിയുടെ മോശം വാക്കുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധിപേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ഇക്കാര്യം ബി.സി.സി.ഐയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല.
മത്സരത്തില്‍ ഓസീസ് വാലറ്റം ചെറുത്തുനിന്നപ്പോള്‍ ഇന്ത്യയ്ക്ക് ജയം നഷ്ടപ്പെടുമെന്ന് തോന്നിച്ചെങ്കിലും ഒടുവില്‍ വിജയം ഇന്ത്യയുടെ വഴിക്കാവുകയായിരുന്നു. അവസാന ദിനം നാലിന് 104 റണ്‍സെന്ന നിലയിലാണ് ഓസീസ് ബാറ്റിങ്ങിനിറങ്ങിയത്. ഒരു ഘട്ടത്തില്‍ ഏഴു വിക്കറ്റിന് 187 എന്ന നിലയിലായിരുന്ന ഓസീസിനായി എട്ടാം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കും കുമ്മിന്‍സും 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അവസാന വിക്കറ്റില്‍ ഹെയ്‌സെല്‍വുഡും ലിയോണും ചെറുത്തു നില്‍പ്പ് തുടര്‍ന്നു. ഒടുവില്‍ ഹെയ്‌സെല്‍വുഡിനെ രാഹുലിന്റെ കൈയിലെത്തിച്ച് അശ്വിന്‍ ആ ചെറുത്തു നില്‍പ്പും അവസാനിപ്പിക്കുകയായിരുന്നു.