'അശ്വിൻ എപ്പോഴും ടീമിന്റെ ഭാഗമാണ്'; വിശദീകരണം നൽകി രാഹുൽ ദ്രാവിഡ്
ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന സ്‌ക്വാഡിൽ ഉൾപ്പെടുത്തിയതിന് വിശദീകരണം നൽകിയിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. നീണ്ട ഇടവേളക്ക് ശേഷമാണ് അശ്വിൻ ഇന്ത്യൻ ഏകദിന ടീമിന്റെ ഭാഗമാവുന്നത്.
ഇന്ത്യൻ സ്പിന്നർ ടീമിൽ ഇടം നേടിയതിന് പിന്നാലെ ഒരുപാട് ചോദ്യങ്ങൾ പുറത്തുനിന്നും ഉയർന്നിരുന്നു. ഈ വിഷയത്തിൽ വിശദീകരണം നൽകി മുന്നോട്ട് വന്നിരിക്കുകയാണ് ദ്രാവിഡ്.
അശ്വിൻ എപ്പോഴും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നുവെന്നും താരം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീഷിക്കുന്നതായും ദ്രാവിഡ് പറഞ്ഞു.
‘അവൻ വീണ്ടും ടീമിലേക്ക് വന്നത് നല്ലതാണ്. അവൻ മികച്ച ബൗളർ ആണ് കൂടാതെ ബാറ്റിങ്ങിലും സംഭാവനകൾ ചെയ്യാൻ കഴിയും. മറ്റ് താരങ്ങൾക്ക് പരിക്ക് സംഭവിച്ചാൽ അദ്ദേഹം ടീമിനൊപ്പമുണ്ടാകും. ഈ അടുത്ത കാലത്തൊന്നും അദ്ദേഹം ഏകദിനം കളിച്ചിട്ടില്ല എന്ന് എനിക്കറിയാം. പക്ഷേ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു,’ ദ്രാവിഡ് പറഞ്ഞു.
ഏഷ്യാ കപ്പ് ടൂർണമെന്റിൽ പരിക്കേറ്റ അക്സർ പട്ടേലിന് പകരമാണ് അശ്വിൻ ടീമിൽ ഇടം നേടിയത്. 2022ൽ ജനുവരിയിൽ സൗത്താഫ്രിക്ക ക്കെതിരെയാണ് അശ്വിൻ അവസാനമായി ഇന്ത്യക്കുവേണ്ടി ഏകദിനം കളിച്ചത്.
2010ൽ ഇന്ത്യക്ക് വേണ്ടി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച താരം 113 മത്സരങ്ങളിൽ നിന്നും 151 വിക്കറ്റുകൾ നേടിയിട്ടുണ്ട്. നീണ്ട ഇടവേളക്ക് ശേഷം താരം ഇന്ത്യൻ ടീമിന്റെ ഭാഗമാവുമ്പോൾ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
സെപ്റ്റംബർ 22, 24, 27 ദിവസങ്ങളിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരങ്ങൾ നടക്കുക.
Content Highlight: Indian coach Rahul Dravid gave an explanation for taking Ashwin into the team after a long break.