ടി-20 ലോകകപ്പില്‍ ഇന്ത്യ കളിച്ച മൂന്ന് മത്സരത്തിലും മോശം പ്രകടനമാണ് കെ.എല്‍. രാഹുല്‍ പുറത്തെടുത്തത്. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് നിരന്തരമായി പരാജയപ്പെടുന്നതിന്റെ മുഖ്യ കാരണം രാഹുലാണെന്നാണ് ആരാധകരുടെ ഭാഷ്യം.
ആദ്യ മത്സരത്തില്‍ രോഹിത്തും രാഹുലും നിരാശരാക്കിയപ്പോള്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ രാഹുല്‍ വീണ്ടും നിരാശപ്പെടുത്തിയിരുന്നു. 12 പന്തില്‍ നിന്നും ഒമ്പത് റണ്‍സുമായാണ് രാഹുല്‍ മടങ്ങിയത്. ഒമ്പത് റണ്‍സെടുത്താണ് ദക്ഷിണാഫ്രിക്കക്കെതിരെ രാഹുല്‍ പുറത്തായത്.
തുടര്‍ച്ചയായി മോശം പ്രകടനത്തിന് പിന്നാലെ രാഹുലിനെ ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ നിന്നുള്ള ടീമില്‍ നിന്ന് പുറത്താക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇതിനോട് പ്രതികരിക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്. രാഹുലിന്റെ കഴിവിന്റെ കാര്യത്തില്‍ കോച്ച് എന്ന നിലയില്‍ തനിക്ക് ഒരു സംശയവുമില്ലെന്ന് പറയുകയാണ് രാഹുല്‍ ദ്രാവിഡ്.
‘രാഹുല്‍ ഒരു മികച്ച കളിക്കാരനാണെന്ന് ഞാന്‍ കരുതുന്നു, അദ്ദേഹത്തിന് തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോര്‍ഡുണ്ട്.
പരിശീലന മത്സരത്തില്‍ അവന്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തയാളാണ്. വരാന്‍ പോകുന്ന
ഗെയിമുകളില്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നാണ് കുരുതുന്നത്,’ രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
അതേസമയം, ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന- ടി-20 സ്‌ക്വാഡില്‍ കെ.എല്‍. രാഹുലിനെ ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ശരിക്കും രാഹുലിന് വിശ്രമം നല്‍കിയതാണോ അതോ നൈസായി ഒഴിവാക്കിയതാണോ എന്ന ചോദ്യവും ചിലര്‍ ചോദിക്കുന്നുണ്ട്.