| Monday, 14th August 2023, 5:50 pm

ഇന്ത്യന്‍ സിനിമയുടെ തിരുച്ചുവരവോ?; തിരുത്തികുറിച്ചത് 10 വര്‍ഷത്തെ റെക്കോഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡ് കാലത്ത് ഭീമമായ തകര്‍ച്ച നേരിട്ട വ്യവസായമായിരുന്നു സിനിമാ ലോകം. ഒ.ടി.ടി തല്‍ക്കാലിക ആശ്വാസം ആയിരുന്നുവെങ്കിലും സിനിമാവ്യവസായത്തിന്റെ ഹൃദ്യമായ തിയറ്ററുകള്‍ മാസങ്ങളോളം അടച്ചിടേണ്ടിവന്നത് കനത്ത തിരിച്ചടിയാണ് സിനിമാ ലോകത്തിന് സമ്മാനിച്ചത്.

കൊവിഡ് അവസാനിച്ച് തിയറ്ററുകള്‍ തുറന്നപ്പോള്‍ പ്രേക്ഷകര്‍ പഴയതുപോലെ എത്തുന്നില്ല എന്നത് ആശങ്കയായി തുടര്‍ന്നിരുന്നു.

തെന്നിന്ത്യന്‍ ചിത്രങ്ങള്‍ വിജയം നേടിയപ്പോഴും ബോളിവുഡിന് വിജയങ്ങള്‍ അകന്നുനിന്നു. അവസാനം ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലൂടെ ബോളിവുഡും പഴയ മട്ടിലുള്ള ഒരു വിജയം നേടിയെടുത്തു.

ഇടയ്ക്ക് വന്‍ വിജയങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും തങ്ങള്‍ പഴയ ട്രാക്കിലേക്ക് തിരിച്ചെത്തി എന്ന് സിനിമാ ഇന്‍ഡസ്ട്രി ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്നില്ല.

എന്നാല്‍ ഇന്നലെ അവസാനിച്ച വാരാന്ത്യത്തോടെ രാജ്യത്തെ സിനിമാവ്യവസായം ഇക്കാലമത്രയും കാത്തിരുന്നത് സംഭവിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ മേഖല തിയേറ്റര്‍ കളക്ഷനില്‍ ഒരു വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തിന് മുന്‍പുള്ള വാരാന്ത്യം വിവിധ ഭാഷകളില്‍ നിന്നായി വന്‍ റിലീസുകളാണ് തിയറ്ററുകളില്‍ എത്തിയത്. രജിനികാന്ത് നായകനായ തമിഴ് ചിത്രം ജയിലര്‍ ആണ് അക്കൂട്ടത്തില്‍ പ്രധാനം.

തെലുങ്കില്‍ നിന്ന് ചിരഞ്ജീവി ചിത്രം ഭോലാ ശങ്കറും ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാര്‍ ചിത്രം ഒ.എം.ജി 2 ഉും സണ്ണി ഡിയോള്‍ ചിത്രം ഗദര്‍ 2 ഉും ഈ വാരാന്ത്യത്തില്‍ പ്രദര്‍ശനത്തിനെത്തി. ഇതില്‍ ജയിലര്‍ മാത്രം വ്യാഴാഴ്ചയും മറ്റ് മൂന്ന് ബിഗ് റിലീസുകളും വെള്ളിയാഴ്ചയുമായിരുന്നു എത്തിയത്.

സൗത്തില്‍ ജയിലറിന് മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചപ്പോള്‍ നോര്‍ത്തില്‍ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചത് ഗദറിനാണ്.

നാല് ചിത്രങ്ങളും ചേര്‍ന്ന് ഇന്ത്യന്‍ ബോക്‌സ് ഓഫീസിന് മൊത്തത്തില്‍ ഉണ്ടാക്കിയിരിക്കുന്ന വരുമാനം വിശദീകരിച്ചുകൊണ്ട് ഇന്ത്യയിലെ മള്‍ട്ടിപെക്‌സുകളുടെ പ്രധാന കൂട്ടായ്മയായ മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും ചേര്‍ന്ന് ഒരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍.

ഇക്കഴിഞ്ഞ മൂന്ന് വാരാന്ത്യ ദിനങ്ങളിലായി (11, 13) രാജ്യമാകെയുള്ള സിനിമാ തിയറ്ററുകളിലേക്ക് എത്തിയ സിനിമാപ്രേമികളുടെ ആകെ എണ്ണം 2.10 കോടിക്ക് മുകളിലാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

ഈ മൂന്ന് ദിവസങ്ങളിലായി ഈ നാല് പ്രധാന ചിത്രങ്ങള്‍ ചേര്‍ന്ന് നേടിയ കളക്ഷന്‍ 390 കോടിയില്‍ അധികമാണെന്നും. 2.10 കോടി ആളുകള്‍ തിയറ്ററുകളിലെത്തിയ വാരാന്ത്യമെന്നത് കൊവിഡ് കാലത്തിന് ശേഷമെന്നല്ല കഴിഞ്ഞ 10 വര്‍ഷത്തെ റെക്കോര്‍ഡ് ആണ്.

ഇന്ത്യന്‍ സിനിമ ട്രാക്കിലേക്ക് തിരിച്ചെത്തിയെന്ന് ആത്മവിശ്വാസത്തോടെയാണ് ഈ സംഘടനകള്‍ അറിയിക്കുന്നത്.

Content Highlight: Indian cinema is back huge collection record in weekend
We use cookies to give you the best possible experience. Learn more