അണ്ടര്‍ 19 വനിതാ ടി-20 ലോകകപ്പില്‍ പ്രോട്ടീസിനെ തോല്‍പിച്ച് ലോകകപ്പ് ക്യാമ്പെയ്ന്‍ റോയലായി തുടങ്ങിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ചാണ് ഇന്ത്യയുടെ ഭാവി തങ്ങളുടെ കൈകളില്‍ ഭദ്രമാണെന്ന് പെണ്‍പുലികള്‍ ഒരിക്കല്‍ക്കൂടി അടിവരയിട്ടുറപ്പിച്ചത്.
ഇന്ത്യന്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും മുന്നില്‍ നിന്നും നയിച്ചപ്പോള്‍ സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ സ്‌കോര്‍ ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. ഇരുവരുടെയും വെടിക്കെട്ട് പ്രകടനം തന്നെയായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്.
ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് സ്വന്തമാക്കിയിരുന്നു. നാല് ഓവറില്‍ 56ന് ഒന്ന് എന്ന നിലയില്‍ കുതിച്ച പ്രോട്ടീസ് കുതിപ്പിനെ ബൗളര്‍മാര്‍ പിടിച്ചുനിര്‍ത്തി.
44 പന്തില്‍ നിന്നും 61 റണ്‍സ് സ്വന്തമാക്കിയ സൈമണ്‍ ലോറന്‍സാണ് സൗത്ത് ആഫ്രിക്കയുടെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്വപ്‌നതുല്യമായ തുടക്കമായിരുന്നു ലഭിച്ചത്. ക്യാപ്റ്റന്‍ ഷെഫാലി വര്‍മയും വൈസ് ക്യാപ്റ്റന്‍ ശ്വേതാ ഷെറാവത്തും വെടിക്കെട്ട് തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ പറന്നുയര്‍ന്നു.
മത്സരത്തിന്റെ ആറാം ഓവറിലെ ക്യാപ്റ്റന്‍ ഷെഫാലിയുടെ വെടിക്കെട്ടായിരുന്നു മത്സരത്തിലെ പ്രധാന മൊമെന്റുകളിലൊന്ന്. അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറുമായിരുന്നു ഷെഫാലി ആറാം ഓവറില്‍ അടിച്ചെടുത്തത്.
പ്രോട്ടീസിന്റെ വലംകയ്യന്‍ പേസര്‍ നിനിയെ തുടരെ തുടരെ ബൗണ്ടറിക്ക് പായിച്ച ഷെഫാലി അവസാന പന്ത് സിക്‌സറടിച്ചാണ് ഫിനിഷ് ചെയ്തത്. 4, 4, 4, 4, 4, 6 എന്നിങ്ങനെയായിരുന്നു ആറാം ഓവറില്‍ ഷെഫാലി സ്വന്തമാക്കിയത്. ആറാം ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമാകാതെ 70 എന്ന നിലയിലായിരുന്നു ഇന്ത്യ.
എന്നാല്‍ ശേഷം നേരിട്ട ആദ്യ പന്തില്‍ തന്നെ ഷെഫാലി പുറത്തായി. 16 പന്തില്‍ നിന്നും 45 റണ്‍സ് നേടിയാണ് താരം പുറത്തായത്.
എട്ടാം ഓവറിലെ ആദ്യ പന്തില്‍ ഷെഫാലി പുറത്തായെങ്കിലും അടി നിര്‍ത്താന്‍ ശ്വേത തയ്യാറായിരുന്നില്ല. വണ്‍ ഡൗണായെത്തിയ തൃഷയയെും, തൃഷ പുറത്തായതിന് ശേഷം സൗമ്യ തിവാരിയെയും കൂട്ടുപിടിച്ച് വൈസ് ക്യാപ്റ്റന്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടേയിരുന്നു.
ഒടുവില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷമാണ് ശ്വേത വെടിക്കെട്ടിന് വിരാമമിട്ടത്. 57 പന്തില്‍ നിന്നും പുറത്താവാതെ 92 റണ്‍സാണ് താരം നേടിയത്. 20 ബൗണ്ടറികളാണ് ശ്വേതയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. മത്സരത്തിലെ താരമായി തെരഞ്ഞെടുത്തതും ശ്വേതയെ തന്നെയായിരുന്നു.
Content highlight: Indian captain Shefali verma scores 26 runs in an over against South Africa