രാജ്ക്കോട്ടില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 434 റണ്‍സിന്റെ ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ 445 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 319 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ 430 റണ്‍സ് നേടിയ ഇന്ത്യ 557 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിനു മുന്നില്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ മൂന്നാം ടെസ്റ്റിലും ആധിപത്യം ഉറപ്പിച്ച ഇന്ത്യ ഇംഗ്ലണ്ടിനെ 122 റണ്‍സിന് ഓള്‍ ഔട്ട് ആക്കുകയായിരുന്നു.
ടീമിന്റെ വിജയത്തില്‍ ഇന്ത്യന്‍ യുവ നിരയുടെ ഗംഭീര പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ഇതോടെ മത്സര ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യയുടെ യുവ കളിക്കാരെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
‘യുവ നിരയോടാണ് കടപ്പാട്, അവര്‍ക്ക് കൂടുതല്‍ അനുഭവപരിചയമില്ല, രണ്ട് അരങ്ങേറ്റക്കാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. അവര്‍ക്ക് ഇവിടെ നില്‍ക്കാന്‍ ആഗ്രഹമുണ്ട്, അതിനാല്‍ ഇത്തരമൊരു ടെസ്റ്റ് മത്സരം വിജയിച്ചതില്‍ സംതൃപ്തിയുണ്ട്,’ രോഹിത് ശര്‍മ പറഞ്ഞു.
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയിലാണ് ടീം പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 236 പന്തില്‍ നിന്ന് 214 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 12 സിക്സറുകളും 14 ബൗണ്ടറിയുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. കഴിഞ്ഞ രണ്ടാം ടെസ്റ്റിലും താരം 209 റണ്‍സ് നേടി തന്റെ ആദ്യത്തെ ഇരട്ട സെഞ്ച്വറി കുറിച്ചിരുന്നു.
ജയ്സ്വാളിന് പുറമേ ശുഭ്മന്‍ ഗില്‍ 151 പന്തില്‍ രണ്ട് സിക്സറും ഒമ്പത് ബൗണ്ടറിയും അടക്കം 91 റണ്‍സിനാണ് പുറത്തായത്. മികച്ച താളം കണ്ടെത്തിയ താരത്തിന് ഒരു റണ്‍ ഔട്ടിലൂടെയാണ് പുറത്താക്കേണ്ടിവന്നത്.
സര്‍ഫറാസ് ഖാന്‍ 78 പന്തില്‍ നിന്ന് 68 റണ്‍സും നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും സര്‍ഫറാസ് 66 പന്തില്‍ നിന്ന് 62 റണ്‍സ് നേടിയിരുന്നു. അരങ്ങേറ്റമത്സരത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കാന്‍ സര്‍ഫറാസിന് സാധിച്ചു.
ആദ്യ ഇന്നിങ്‌സില്‍ യുവ താരം ധ്രുവ് ജുറലും മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. 104 പന്തില്‍ നിന്ന് 46 റണ്‍സാണ് താരം നേടിയത്.
അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരത്തില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് മുന്നില്‍. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ സ്റ്റേഡിയം കോംപ്ലക്‌സിലാണ് നടക്കുക.
Content Highlight: Indian captain Rohit Sharma has praised the young players of India