ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില് തകര്പ്പന് സെഞ്ച്വറി നേടി ഇന്ത്യന് ക്യാപ്റ്റന് ഹര്മന്പ്രീത് കൗര്. താരത്തിന്റെ ബാറ്റിങ് മികവില് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റന് സ്‌കോര് സ്വന്തമാക്കുകയായിരുന്നു. മത്സരത്തില് 100 പന്തില് നിന്നും സെഞ്ച്വറി പൂര്ത്തിയാക്കിയ ഹര്മന്പ്രീത് കൗര് പുറത്താകാതെ 111 പന്തില് 18 ഫോറും നാല് സിക്‌സും 143 റണ്സ് അടിച്ചുകൂട്ടുകയായിരുന്നു.
ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില് 5 വിക്കറ്റ് നഷ്ടത്തില് 333 റണ്സാണ് നേടിയത്. ഏകദിന ക്രിക്കറ്റിലെ തന്റെ അഞ്ചാം സെഞ്ച്വറിയാണ് ഹര്മന്പ്രീത് പേരിലാക്കുന്നത്. വനിത ഏകദിനത്തില് ഏറ്റവും ഉയര്ന്ന വ്യക്തിഗത സ്‌കോര് സ്വന്തമാക്കുന്ന ഇന്ത്യന് ക്യാപ്റ്റനെന്ന ഖ്യാതിയും താരം ഇതിനകം നേടി. ഹര്മന് പ്രീതിന്റെ ഏറ്റവും ഉയര്ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണിത്.
ഇതിനുമുന്പ് 2017 ലോകകപ്പില് ഓസ്‌ട്രേലിയക്കെതിരെ 115 പന്തില് പുറത്താകാതെ 171 റണ്സ് താരം നേടിയിരുന്നു. ഓപ്പണര് ഷെഫാലി ഏഴ് പന്തില് എട്ട് റണ്സ് മാത്രം നേടി പുറത്തായെങ്കിലും രണ്ടാം വിക്കറ്റില് 54 റണ്സെടുത്ത് സ്മൃതി-യാസ്തിക കൂട്ടുകെട്ട് ഇന്ത്യക്ക് ഊര്ജം നല്കി.