ഏഷ്യാ കപ്പ് ആരാധകര്‍ കാത്തിരുന്ന ഇന്ത്യ-പാക് മത്സരം പുരോഗമിക്കുകയാണ്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി മികച്ച പ്രകടനമാണ് ബൗളര്‍മാര്‍ നടത്തിയത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 19.5 ഓവറില്‍ 147 റണ്‍സാണ് നേടാന്‍ സാധിച്ചത്. മീഡിയം പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റുകള്‍ നേടിയപ്പോള്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി കൊണ്ട് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ മികച്ച പിന്തുണ് നല്‍കി. ബുംറയ്ക്ക് പകരക്കാരനായി ടീമിലെത്തിയ അര്‍ഷദീപ് സിങ്ങ് രണ്ട് വിക്കറ്റ് സ്വന്തമാക്കി തന്റെ സെലക്ഷനെ ജസ്റ്റിഫൈ ചെയ്തു. ആവേശ് ഖാന്‍ ഒരു വിക്കറ്റ് നേടിയിരുന്നു.
പാകിസ്ഥാന് വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ 42 പന്തുകളില്‍ നിന്നും 43 റണ്‍സ് നേടിയപ്പോള്‍ നായകനായ ബാബര്‍ അസമിന് തിളങ്ങനായില്ല. ഒമ്പത് പന്ത് നേരിട്ട ബാബര്‍ 10 റണ്‍സുമായി ഭുവിക്ക് വിക്കറ്റ് നല്‍കി മടങ്ങി.
സ്പിന്നര്‍മാരായ ജഡേജക്കും, ചഹലിനും ഇന്ത്യന്‍ നിരയില്‍ വിക്കറ്റൊന്നും സ്വന്തമാക്കാന്‍ സാധിച്ചില്ല. മൂന്നാം വിക്കറ്റില്‍ മികച്ച കൂട്ടുക്കെട്ടുമായി റിസ്‌വാനും ഇഫ്തിക്കാര്‍ അഹമ്ദും പാകിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍ ഇഫ്തിക്കാറിനെ പുറത്താക്കി കൊണ്ട് ഹര്‍ദിക് ഇന്ത്യക്ക് ലീഡ് നല്‍കുകയായിരുന്നു.
കഴിഞ്ഞ ലോകകപ്പില്‍ പത്ത് വിക്കറ്റിന് വിജയിച്ച പാകിസ്ഥാന്റെ പത്ത് വിക്കറ്റും ഇന്ത്യന്‍ ബൗളര്‍മാര്‍ സ്വന്തമാക്കി. 148 റണ്‍സ് ചെയ്‌സ് ചെയ്യാന്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ പ്രഹരമേറ്റിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യനായി ഉപനായകന്‍ രാഹുല്‍ മടങ്ങി. എന്നാല്‍ വിരാടും രോഹിത്തും ടീമിനെ കരകയറ്റുകയാണ്.