ഇവനെയൊക്കെകൊണ്ടാണോ ലോകകപ്പിന് പോകുന്നത്; അസ്സല്‍ ചെണ്ടകള്‍; ഒരു ഓവറില്‍ 22 റണ്‍സൊക്കെ വിട്ടുകൊടുക്കാന്‍ മാത്രം മിടുക്ക്
Cricket
ഇവനെയൊക്കെകൊണ്ടാണോ ലോകകപ്പിന് പോകുന്നത്; അസ്സല്‍ ചെണ്ടകള്‍; ഒരു ഓവറില്‍ 22 റണ്‍സൊക്കെ വിട്ടുകൊടുക്കാന്‍ മാത്രം മിടുക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th September 2022, 11:24 pm

 

ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച ടോട്ടല്‍ തന്നെ കെട്ടിപ്പൊക്കിയിരുന്നു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടടത്തില്‍ 208 റണ്‍സായിരുന്നു ഇന്ത്യ അടിച്ചുകൂട്ടിയത്.

ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ 71 റണ്‍സും കെ.എല്‍. രാഹുല്‍ 55 റണ്‍സും നേടിയിരുന്നു. 46 റണ്‍സ് അടിച്ചുകൂട്ടിയ സൂര്യകുമാര്‍ യാദവും ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തിരിച്ചടിക്കാന്‍ ഉറപ്പിച്ചായിരുന്നു ബാറ്റ് വീശിയത്. ആദ്യ പന്തില്‍ സിക്‌സര്‍ കൊണ്ട് തുടങ്ങിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് വരാന്‍ പോകുന്ന വെടിക്കെട്ടിന്റെ സൂചന ഇന്ത്യക്ക് നല്‍കിയിരുന്നു.

തുടക്കം തൊട്ട് ആക്രമിച്ച് കളിച്ച ഓസ്‌ട്രേലിയ പിന്നീട് കത്തികയറുകയായിരുന്നു. 61 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനായിരുന്നു മത്സരം ഇന്ത്യയുടെ കയ്യില്‍ നിന്നും തട്ടിയെടുത്തത്. ഇന്ത്യന്‍ ബൗളര്‍ അക്‌സര്‍ പട്ടേല്‍ മറ്റുള്ളവരില്‍ നിന്നം വ്യത്യസ്തമായി മികച്ച ബൗളിങ് പ്രകടനം നടത്തിയിരുന്നു.

4 ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്തുകൊണ്ട് മൂന്ന് വിക്കറ്റുകള്‍ അദ്ദേഹം നേടി. ഉമേഷ് യാദവും രണ്ട് വിക്കറ്റ് നേടിയിരുന്നു. എന്നാല്‍ രണ്ടോവറില്‍ 27 റണ്‍സ് വിട്ടുനല്‍കിയാണ് അദ്ദേഹം ഒരു വിക്കറ്റ് നേടിയത്.

ബാറ്റര്‍മാരെല്ലാം തകര്‍ത്തടിച്ച മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരെല്ലാം അതുപോലെ റണ്‍സ് വിട്ടുനല്‍കുന്ന കാഴ്ചക്കായിരുന്നു മൊഹാലി സാക്ഷിയായത്.

ഏറ്റവും കൂടുതല്‍ പരിചയ സമ്പത്തുള്ള ഭുവനേശ്വര്‍ കുമാറാണ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുനല്‍കിയത്. നാല് ഓവറില്‍ 52 റണ്‍സാണ് അദ്ദേഹം വിട്ടുനല്‍കിയത്. തൊട്ടുപിറകില്‍ 49 റണ്‍സ് വിട്ടുനല്‍കി ഹര്‍ഷല്‍ പട്ടേലുമുണ്ടായിരുന്നു. 17ാം ഓവറില്‍ 15 റണ്‍സ് ഭുവി വിട്ടുനല്‍കിയപ്പോള്‍ 18ാം ഓവറില്‍ 22 റണ്‍സാണ് അദ്ദേഹം വിട്ടുനല്‍കിയത്.

പിന്നീട് 19ാം ഓവറിലും ഭുവി ഒരുപാട് റണ്‍സ് ലീക്ക് ചെയ്തപ്പോള്‍ ഇന്ത്യ തോല്‍വി സ്വന്തമാക്കുകയായിരുന്നു. 21 പന്തില്‍ 45 റണ്‍സ് നേടിയ മാത്യൂ വെയ്ഡാണ് മത്സരം ഇന്ത്യയുടെ കയ്യില്‍ നിന്നും തട്ടിയെടുത്തത്.

രണ്ടാം മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് പരമ്പരയില്‍ തിരിച്ചുവരാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ഇത്തരത്തിലുള്ള പ്രകടനം ടീമിനെ തിരിച്ചടിക്കുന്നുണ്ട്. ബൗളര്‍മാര്‍ ഈ പ്രകടനം കാഴ്ചവെച്ചാല്‍ ട്വന്റി-20 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ വണ്ടി കയറി തിരിച്ചുവരാം.

Content Highlight: Indian Bowlers Bad performance in Game Against Australia in T20I