ഇവന്‍മാരേം കൊണ്ടാണോ ലോകകപ്പിന് പോവുന്നത്, എന്നാല്‍ റിട്ടേണ്‍ ടിക്കറ്റും ബുക്ക് ചെയ്‌തേക്ക്!!
ആദര്‍ശ് എം.കെ.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ മൂന്നാം മത്സരത്തില്‍ പാടെ നിരാശപ്പെടുത്തിയത് ഇന്ത്യയുടെ ബൗളര്‍മാരായിരുന്നു. ഒരാള്‍ക്കുപോലും മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിക്കാതെ വന്നതോടെയാണ് ഇന്ത്യക്ക് പരാജയം സമ്മതിക്കേണ്ടി വന്നത്.

പേസര്‍ – സ്പിന്നര്‍ വ്യത്യാസമില്ലാതെ എല്ലാവരും റണ്‍ വഴങ്ങിയപ്പോള്‍ ഇന്ത്യ നിലയില്ലാ കയത്തിലേക്കാണ് വീണത്. കഴിഞ്ഞ മത്സരത്തില്‍ മോശം പ്രകടനം നടത്തിയവരില്‍ പലരും ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലുള്ളവരാണ് എന്നതാണ് ഭീതിയുണര്‍ത്തുന്ന മറ്റൊരു കാര്യം.

നാല് ഓവറില്‍ 8.75 എക്കോണമിയില്‍ 35 റണ്‍സ് വിട്ടുകൊടുത്ത ആര്‍. അശ്വിന്‍ മാത്രമാണ് കൂട്ടത്തില്‍ ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞത്. മറ്റ് താരങ്ങളെല്ലാം തന്നെ 11ന് മുകളിലാണ് ഓരോ ഓവറിലും റണ്‍ വഴങ്ങിയത്.

ലോകകപ്പ് സ്‌ക്വാഡിലെ മറ്റൊരു താരമായ ഹര്‍ഷല്‍ പട്ടേലും റണ്‍സ് വാരിക്കോരി നല്‍കിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ എറിഞ്ഞ നാല് ഓവറില്‍ നിന്നും 12.25 എക്കോണമിയിലാണ് റണ്‍സ് വഴങ്ങിയത്.

പരമ്പരയിലെ രണ്ടാം മത്സരത്തിലും ഹര്‍ഷലിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നാല് ഓവറില്‍ 45 റണ്‍സാണ് താരം വഴങ്ങിയത്. 11.25 ആയിരുന്നു ബര്‍സാപര സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ടി-20യില്‍ താരത്തിന്റെ എക്കോണമി.

രവീന്ദ്ര ജഡേജക്ക് പകരക്കാരനായി ടീമിലെത്തിയ അക്‌സര്‍ പട്ടേലും പാടെ നിരാശപ്പെടുത്തി. കഴിഞ്ഞ മത്സരത്തില്‍ ഒറ്റ ഓവര്‍ മാത്രമെറിഞ്ഞ പട്ടേല്‍ 13 റണ്‍സാണ് വഴങ്ങിയത്.

ഇന്ത്യ വിജയിച്ച രണ്ടാം ടി-20യിലും റണ്‍സ് വഴങ്ങുന്ന കാര്യത്തില്‍ അക്‌സര്‍ പട്ടേല്‍ പിശുക്ക് കാണിച്ചിരുന്നില്ല. നാല് ഓവറില്‍ 13.25 എക്കോണമിയില്‍ 53 റണ്‍സാണ് താരം വഴങ്ങിയത്.

കഴിഞ്ഞ മത്സരത്തില്‍ വിശ്രമം അനുവദിച്ച യുവതാരം അര്‍ഷ്ദീപിന്റെ സ്ഥിതിയും ഇതുതന്നെയാണ്. ഗ്രീന്‍ഫീല്‍ഡ് ടി-20യില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ അര്‍ഷ്ദീപിന് മേല്‍ രണ്ടാം ടി-20യില്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ പാണ്ടിയും പഞ്ചാരിയും മാറി മാറി കൊട്ടുകയായിരുന്നു. നാല് ഓവറില്‍ 15.50 എക്കോണമിയില്‍ 62 റണ്‍സാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്.

ഇന്ത്യന്‍ സ്‌ക്വാഡിലെ സ്റ്റാന്‍ഡ് ബൈ താരമായ ദീപക് ചഹര്‍ കഴിഞ്ഞ മത്സരത്തില്‍ 48 റണ്‍സാണ് വഴങ്ങിയത്. ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ സാധ്യത കല്‍പിക്കുന്ന സിറാജാവട്ടെ നാല് ഓവറില്‍ 11 എക്കോണമിയില്‍ 44 റണ്‍സ് വഴങ്ങിയിരുന്നു.

ഇതിന് മുമ്പ് നടന്ന പരമ്പരയിലെ മുതിര്‍ന്ന ഇന്ത്യന്‍ പേസര്‍ ഭുവനേശ്വറിന്റെ പ്രകടനവും ഇതോടൊപ്പം ചേര്‍ത്തുവെക്കാവുന്നതാണ്.

ജസ്പ്രീത് ബുംറയുടെ അഭാവം എങ്ങനെ ഇന്ത്യ മറികടക്കും എന്നതാണ് ഇനി അറിയേണ്ടത്.

പേസിനെ തുണക്കുന്ന ഓസീസ് പിച്ചില്‍ പേസ് ബൗളിങ്ങില്‍ ഇന്ത്യക്ക് ഒരു അഡ്വാന്റേജും ലഭിക്കില്ല എന്നാണ് ഇപ്പോഴുള്ള ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനത്തില്‍ നിന്നും വ്യക്തമാവുന്നത്.

 

Content Highlight: Indian bowler’s bad performance in India vs South Africa T20 series

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.