| Monday, 29th November 2021, 11:17 pm

ജാക്ക് ഡോര്‍സെ പടിയിറങ്ങി; ട്വിറ്ററിന്റെ സി.ഇ.ഒ ആയി ഇന്ത്യക്കാരന്‍ പരാഗ് അഗര്‍വാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോര്‍ണിയ: ട്വിറ്ററിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ് ഇന്ത്യന്‍ വംശജനായ പരാഗ് അഗര്‍വാള്‍. ട്വിറ്റിന്റെ സഹസ്ഥാപകനും നിലവിലെ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സെ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതോടെയാണ് ബോംബെ ഐ.ഐ.ടിയിലെ മുന്‍ വിദ്യാര്‍ത്ഥി കൂടിയായ പരാഗിന് ട്വിറ്റര്‍ മേധാവിയാവാന്‍ വഴിയൊരുങ്ങിയത്.

നിലവില്‍ ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസറാണ് പരാഗ്. ”ഞാന്‍ ട്വിറ്റര്‍ വിടാന്‍ തീരുമാനിച്ചു. കാരണം അതിന്റെ സ്ഥാപകരില്‍ നിന്നും മുന്നോട്ട് പോകാന്‍ കമ്പനി തയാറാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു.

ട്വിറ്ററിന്റെ സി.ഇ.ഒ എന്ന നിലയില്‍ പരാഗില്‍ എനിക്ക് ഒരുപാട് വിശ്വാസമുണ്ട്. കഴിഞ്ഞ 10 വര്‍ഷമായുള്ള അദ്ദേഹത്തിന്റെ ജോലിയില്‍ ഒരുപാട് മാറ്റങ്ങളുണ്ട്. ഇനി നയിക്കേണ്ട സമയമാണ്,” ജാക്ക് ഡോര്‍സെ ട്വിറ്ററില്‍ പങ്കുവെച്ച തന്റെ രാജിക്കത്തില്‍ പറഞ്ഞു.

”ജാക്ക് ഡോര്‍സെയ്ക്കും മുഴുവന്‍ ടീമിനും നന്ദിയറിയിക്കുന്നു. ഭാവിയെക്കുറിച്ചോര്‍ത്ത് വളരെ ആവേശത്തിലാണ്. പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി,” സി.ഇ.ഒ ആയി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 45കാരനായ പരാഗ് കുറിച്ചു.

2022 വരെ കാലാവധി ഉണ്ടായിരിക്കെയാണ് ജാക്ക് ഡോര്‍സെ രാജി പ്രഖ്യാപിച്ചത്. എന്നാല്‍ അദ്ദേഹം കമ്പനിയുടെ ബോര്‍ഡില്‍ അംഗമായി തുടരുമെന്നാണ് റിപ്പോര്‍ട്ട്.

2011ലാണ് പരാഗ് ട്വിറ്ററില്‍ ജോലിയില്‍ കയറിയത്. ചീഫ് ടെക്‌നോളജി ഓഫീസറായി ചുമതലയേറ്റത് 2017ലായിരുന്നു.

ബോംബെ ഐ.ഐ.ടിയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ പരാഗ് പിന്നീട് ഉപരിപഠനത്തിനായി അമേരിക്കയിലേയ്ക്ക് കുടിയേറുകയായിരുന്നു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.

ട്വിറ്ററില്‍ എത്തുന്നതിന് മുമ്പ് മൈക്രോസോഫ്റ്റിലും യാഹൂവിലും പരാഗ് ജോലി ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര ടെക് ഭീമന്മാരുടെ തലപ്പത്ത് ഇന്ത്യന്‍ വംശജര്‍ എത്തുന്നത് ഇതാദ്യമല്ല. നിലവില്‍ മൈക്രോസോഫ്റ്റ് സി.ഇ.ഒ ആയ സത്യ നാദെല്ലയും ഗൂഗിള്‍ സി.ഇ.ഒ ആയ സുന്ദര്‍ പിച്ചെയും ഇന്ത്യന്‍ വംശജരാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Indian born Parag Agarwal becomes the new CEO of Twitter

We use cookies to give you the best possible experience. Learn more