കഴിഞ്ഞ ദിവസമായിരുന്നു ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യ ബംഗ്ലാദേശിനെ തറ പറ്റിച്ച് തുടര്‍ച്ചയായ മൂന്നാം തവണയും ബ്ലൈന്‍ഡ് ടി-20 ലോകകപ്പിന്റെ ചാമ്പ്യന്‍മാരായത്. ബംഗ്ലാ കടുവകളെ 120 റണ്‍സിന്റെ വമ്പന്‍ തോല്‍വിയിലേക്ക് തള്ളിവിട്ടാണ് ഇന്ത്യ ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ലോകകപ്പ് ചാമ്പ്യന്‍മാരായിരിക്കുന്നത്.
എന്നാല്‍ ലോകകപ്പ് നേട്ടത്തിന് ശേഷവും തങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്ന് തുറന്നുപറയുകയാണ് ഇന്ത്യന്‍ ബ്ലൈന്‍ഡ് ടീം നായകന്‍ അജയ് കുമാര്‍ റെഡ്ഡി. ബി.സി.സി.ഐയില്‍ നിന്നോ കായിക മന്ത്രാലയത്തില്‍ നിന്നോ വേണ്ടത്ര പരിഗണനയോ അംഗീകാരമോ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് വിജയത്തിന് ശേഷം എ.എന്‍.ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അജയ് ഇക്കാര്യം പറഞ്ഞത്.
‘2016ല്‍ ഇന്ത്യക്കായി മെഡല്‍ നേടിയപ്പോള്‍ പാരാ അത്‌ലറ്റുകള്‍ക്ക് വേണ്ട അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ 2012 മുതല്‍ ഞങ്ങള്‍ അതേ കാര്യം തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ക്കിതുവരെയും വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല.
പാരാ സ്‌പോര്‍ട്‌സ് വിഭാഗങ്ങളെല്ലാം തന്നെ ഇന്ത്യന്‍ കായിക മന്ത്രാലയത്തിന് കീഴിലാണ്. എന്നാല്‍ ക്രിക്കറ്റിനെ കായിക മന്ത്രാലയം അംഗീകരിച്ചിട്ടില്ല, എന്തിന് ബി.സി.സി.ഐയില്‍ നിന്നുപോലും ഞങ്ങള്‍ക്ക് ഒരു അംഗീകാരവും ലഭിക്കുന്നില്ല. അക്കാരണമൊന്നുകൊണ്ടുമാത്രമാണ് ഞങ്ങള്‍ അറിയപ്പെടാതെ പോകുന്നത്.
ഞാനും എന്റെ രണ്ട് സഹതാരങ്ങളും അഞ്ച് ലോകകപ്പുകളില്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. എന്നാല്‍ ഒരു തരത്തിലുള്ള പ്രോത്സാഹനമോ പുരസ്‌കാരങ്ങളോ ഞങ്ങള്‍ക്കിതുവരെ ലഭിച്ചിട്ടില്ല. ഞങ്ങളെ കായികതാരങ്ങളായല്ല ഇവിടെ ആരും കാണുന്നത്.
ലോകകപ്പ് നേടിയതിന് ശേഷം ട്വിറ്ററിലും മറ്റും നിരവധി അഭിനന്ദനങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ അര്‍ഹിക്കുന്ന അംഗീകാരമെവിടെ? അതില്ലാതെ ഞങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഫണ്ടും ലഭിക്കില്ല.
ബി.സി.സി.ഐയില്‍ നിന്നോ കായിക മന്ത്രാലയത്തില്‍ നിന്നോ ഞങ്ങള്‍ക്ക് വേണ്ട അംഗീകാരം ലഭിക്കണം. ബി.സി.സി.ഐ ഒരു വര്‍ഷം മുമ്പ് ഡിഫ്രന്റ്‌ലി -ഏബിള്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഡി.സി.സി.ഐ) രൂപീകരിച്ചിരുന്നു. എന്നാല്‍ ഡി.സി.സി.ഐ എങ്ങനെ ഡിഫ്രന്റ്‌ലി -ഏബിള്‍ഡ് ക്രിക്കറ്റിനെ എങ്ങനെ പിന്തുണക്കുമെന്നതിനെ സംബന്ധിച്ച് ഒരു ഐഡിയയും അവര്‍ക്ക് ഉണ്ടായിരുന്നില്ല.
ഇതിന് കൃത്യമായ ഒരു റോഡ് മാപ്പ് ആവശ്യമാണ്. എന്നാല്‍ മാത്രമേ ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ (സി.എ.ബി.ഐ)ക്ക് വാര്‍ഷിക കലണ്ടറുകള്‍ തയ്യാറാക്കാനോ ഭാവി തലമുറയെ വാര്‍ത്തെടുക്കാനോ, ഗ്രൗണ്ട് സംവിധാനം മെച്ചപ്പെടുത്താനോ താരങ്ങളെ സാമ്പത്തികമായി സഹായിക്കാനോ സാധിക്കുകയുള്ളൂ,’ അജയ് പറഞ്ഞു.
തങ്ങളെ സിമ്പതിയോടെ ആരും നോക്കേണ്ടതില്ലെന്നും കായികതാരമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇതെല്ലാം ശരിയായി നടക്കുകയാണെങ്കില്‍ ആളുകളുടെ മനോഭാവത്തിലും മാറ്റം വരും. അവര്‍ മുന്നോട്ട് വരികയും ഞങ്ങളെ പിന്തുണക്കുകയും ചെയ്യും. ആരുടെയും സിമ്പതി ഞങ്ങള്‍ക്കാവശ്യമില്ല, നിങ്ങളുടെ മനോഭാവമാണ് മാറേണ്ടത്. ഇവിടെ ഒരുപാട് കോര്‍പ്പറേറ്റുകളുണ്ട്, അവര്‍ക്കാര്‍ക്കെങ്കിലും ഞങ്ങളെ ഏറ്റെടുക്കാനും സഹായിക്കാനും സാധിച്ചേക്കും. അങ്ങനെയെങ്കില്‍ ബി.സി.സി.ഐയെ തന്നെ ആശ്രയിച്ച് നില്‍ക്കേണ്ട സ്ഥിതി ഉണ്ടാകില്ല.
1990കള്‍ക്ക് മുമ്പ് ബി.സി.സി.ഐ ഫണ്ടുകള്‍ക്കായി കഷ്ടപ്പെട്ടിരുന്നു. ഞങ്ങളിപ്പോള്‍ സ്വയം തെളിയിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഇന്ത്യക്കായി അഞ്ച് ലോകകപ്പ് നേടിയവരാണ്. ഈ വിജയത്തിലൂടെ ഞങ്ങള്‍ കിരീടനേട്ടത്തില്‍ ഹാട്രിക് തികച്ചിരിക്കുകയാണ്. ഇനിയും ഇത് സഹിക്കാന്‍ സാധിക്കില്ല,’ അജയ് കൂട്ടിച്ചേര്‍ത്തു.
ഫൈനല്‍ മത്സരത്തില്‍ ക്യാപ്റ്റന്‍ അജയ്‌യുടെയും സുനില്‍ രമേഷിന്റെയും സെഞ്ച്വറികളാണ് ഇന്ത്യക്ക് തുണയായത്. അജയ് 50 പന്തില്‍ നിന്നും 100 റണ്‍സ് തികച്ചപ്പോള്‍ സുനില്‍ രമേഷ് 63 പന്തില്‍ നിന്നും 136 റണ്‍സും നേടി.
ഇരുവരുടെയും ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ 278 റണ്‍സിന്റെ വമ്പന്‍ ടോട്ടലാണ് പടുത്തുയര്‍ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 157 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. പുറത്താകാതെ 77 റണ്‍സ് നേടിയ സല്‍മാനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.
മൂന്ന് ലക്ഷം രൂപയാണ് ഒന്നാം സ്ഥാനക്കാര്‍ക്കുള്ള പ്രൈസ് മണി. രണ്ടാം സ്ഥാനത്തെത്തിയ ബംഗ്ലാദേശിന് 1.5 ലക്ഷം രൂപയും ലഭിക്കും.
Content Highlight: Indian Blind Team captain Ajay Kumar Reddy slams BCCI