ഇത്രയേയുള്ളു ഇന്ത്യന്‍ ബാറ്റിങ്ങിന്റെ സ്ഥിരത? ശ്രലങ്കക്ക് മുന്നില്‍ പതറി കോഹ്‌ലിയടക്കമുള്ള മുന്‍നിര
Cricket news
ഇത്രയേയുള്ളു ഇന്ത്യന്‍ ബാറ്റിങ്ങിന്റെ സ്ഥിരത? ശ്രലങ്കക്ക് മുന്നില്‍ പതറി കോഹ്‌ലിയടക്കമുള്ള മുന്‍നിര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th September 2023, 10:31 pm

ഏഷ്യാ കപ്പില്‍ സ്ഥിരത നിലനിര്‍ത്താനാകാതെ ഇന്ത്യന്‍ ബാറ്റിങ്ങ്‌നിര. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരായി ഇന്ത്യന്‍ ബാറ്റിങ് നിരക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നു. എന്നാല്‍ ശ്രീലങ്കയെ നേരിട്ടപ്പോള്‍ 213ന് ഔള്‍ ഔട്ടാകുന്ന ഇന്ത്യയെയാണ് കണാനായത്.

അഞ്ച് വിക്കറ്റെടുത്ത ലങ്കന്‍ യുവതാരം ദുനിത് വെല്ലാലഗെടെയും
നാല് വിക്കറ്റെടുത്ത ചരിത് അസലങ്കയുടെയും പ്രകടനമാണ് മുന്‍നിര ഇന്ത്യന്‍ ബാറ്റര്‍മാരെ തകര്‍ത്തത്. 53 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത്തും 39 റണ്‍സെടുത്ത കെ.എല്‍. രാഹുലും 33 റണ്‍സെടുത്ത ഇഷാന്‍ കിഷനും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ കുറച്ചെങ്കിലും ഇംപാക്ടുണ്ടാക്കിയത്.

പാകിസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ കോഹ്‌ലി മൂന്ന് റണ്‍സിന് പുറത്തായി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് നല്ല തുടക്കമാണ് ലഭിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ രോഹിത് ശര്‍മയും 19 റണ്‍ നേടിയ ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് 80 റണ്‍സ് ഓപണിങ് കൂട്ടുകെട്ട് ഉയര്‍ത്തി. എന്നാല്‍ പിന്നീടങ്ങോട്ട് വലിയ തിരിച്ചടിയാണ് ടീം ഇന്ത്യ നേരിട്ടത്.

രാഹുലിന്റെയും ഇഷാന്‍ കിഷാന്റെയും കൂട്ടിച്ചേര്‍ക്കലില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ ഇതിലും പരിതാപകരമായേനെ. അതേസമയം, രണ്ടാമതായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിലവിൽ 31 ഓവറില്‍ 133 റണ്‍സിന് ആറ് വിക്കറ്റ് നഷ്ടപ്പട്ട നിലയിലാണ്. ഇന്ന് ജയിച്ചാല്‍ ടീം ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം.