ഐ.പി.എല്ലില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്കെത്തിയ നിരവധി താരങ്ങളുണ്ട്. ഐ.പി.എല്ലിലെ തങ്ങളുടെ പ്രകടനം തന്നെയായിരുന്നു ബി.സി.സി.ഐയ്ക്ക് മുന്നില്‍ അവരെ സ്വയം അടയാളപ്പെടുത്തിയത്.
അത്തരത്തില്‍ ഐ.പി.എല്‍ കണ്ടത്തിയ താരങ്ങളിലൊരാളാണ് ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്. വന്യമായ വേഗതയില്‍ പന്തെറിഞ്ഞ് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ഉമ്രാന് ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്താന്‍ അധികനാള്‍ കാത്തിരിക്കേണ്ടി വന്നില്ല.
ഇപ്പോഴിതാ, ഉമ്രാനെ പ്രശംസയില്‍ പൊതിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസതാരം ദിലീപ് വെങ്‌സര്‍ക്കാര്‍. ഉമ്രാനെ പോലെ ഇത്രയും പ്രതീക്ഷ തോന്നിയ ഒരു താരത്തെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കണ്ടിട്ടില്ലെന്നാണ് വെങ്‌സര്‍ക്കാര്‍ പറയുന്നത്.
ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനത്തിന് ശേഷം അവന്‍ എല്ലാ മത്സരവും കളിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. സ്വന്തം മണ്ണില്‍ ഒരു അന്താരാഷ്ട്ര മത്സരം തന്നെയാവും ഇവന്റെ യഥാര്‍ത്ഥ കഴിവുകളെ പരീക്ഷിക്കാന്‍ പോന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ബൗളറാണ് ഉമ്രാന്‍. അവന്‍ ശാരീരികമായി ഫിറ്റാണ്. ഒരു പേസ് ബൗളറാവാനുള്ള അഗ്രസ്സീവ് ആറ്റിറ്റിയൂഡും അവന് വേണ്ടുവോളമുണ്ട്. വേഗതയും കൃത്യതയും അവനിലുണ്ട്’ വെങ്‌സര്‍ക്കാര്‍ പറയുന്നു.
ഐ.പി.എല്‍ 2022ല്‍ സണ്‍റൈസേഴ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് താരത്തെ തേടി ഇന്ത്യന്‍ ടീമില്‍ നിന്നുള്ള വിളിയെത്തിയത്.
സീസണിലെ എമേര്‍ജിംഗ് പ്ലെയറായും തെരഞ്ഞെടുക്കപ്പെട്ട താരം 22 വിക്കറ്റാണ് സ്വന്തമാക്കിയത്.
പ്രോട്ടീസിനെതിരെയുള്ള പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടും ആദ്യ രണ്ട് മത്സരവും കളിക്കാന്‍ താരത്തിനായിരുന്നില്ല. എന്നാല്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍ താരം ടീമില്‍ ഉള്‍പ്പെടുമെന്നും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും തന്നെയാണ് മുന്‍ താരങ്ങളടക്കം പ്രതീക്ഷിക്കുന്നത്.