| Sunday, 20th August 2023, 8:35 am

വെടിക്കെട്ടില്‍ മാത്രമല്ല, മോശം റെക്കോഡിലും വിരാടിന്റെയും രോഹിത്തിന്റെയും പിന്‍ഗാമി; ഇനി ഇവനാണോ നെക്‌സ്റ്റ് ബിഗ് തിങ്?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ യുവതാരം തിലക് വര്‍മക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായാണ് വര്‍മ ആരാധകരെ നിരാശപ്പെടുത്തിയത്. ക്രെയ്ഗ് യങ് എറിഞ്ഞ ഏഴാം ഓവറിലെ മൂന്നാം പന്തില്‍ വിക്കറ്റ് കീപ്പര്‍ ലോര്‍കന്‍ ടക്കറിന് ക്യാച്ച് നല്‍കിയാണ് തിലക് പുറത്തായത്.

ഇതിന് പിന്നാലെ വിമര്‍ശനങ്ങളുടെ പെരുമഴയാണ് തിലക് വര്‍മക്ക് നേരിടേണ്ടി വന്നത്. തന്റെ രണ്ടാമത് മാത്രം പരമ്പര കളിക്കുന്ന താരമാണെന്നുള്ള പരിഗണന പോലും നല്‍കാതെയാണ് പല ആരാധകരും രംഗത്തെത്തിയത്.

ഇതിന് മുമ്പ് അവസാനിച്ച ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ടീമിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച തിലകിനെ വെറും ഐ.പി.എല്‍ ടാലന്റ് എന്ന് വിളിക്കാന്‍ പോലും പലരും ശ്രമിച്ചിരുന്നു. ആദ്യ അഞ്ച് മത്സരത്തിലും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചപ്പോള്‍ ആറാമത് മത്സരത്തില്‍ മങ്ങി എന്നതായിരുന്നു തിലക് ചെയ്ത കുറ്റം.

കുഞ്ഞന്‍മാരായ അയര്‍ലന്‍ഡിനോട് ഡക്കായി എന്നതാണ് ആരാധകര്‍ ഉയര്‍ത്തുന്ന മറ്റൊരു വാദം. ഇത് തിലകിന്റെ കരിയറിലെ ഏറ്റവും മോശം റെക്കോഡായി അടയാളപ്പെടുത്തുമെന്നും ആരാധകര്‍ പറയുന്നു.

എന്നാല്‍ തിലക് വര്‍മ മാത്രമല്ല, മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ഓള്‍ ഫോര്‍മാറ്റ് നായകനും അടക്കമുള്ളവര്‍ ടി-20 ഫോര്‍മാറ്റില്‍ ഐറിഷ് പടക്ക് മുമ്പില്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട്.

ദിനേഷ് കാര്‍ത്തിക്, വിരാട് കോഹ്‌ലി, മനീഷ് പാണ്ഡേ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ തിലക് വര്‍മയെക്കാളും മുമ്പേ ടീം ക്ലോവര്‍ലീഫിനോട് പൂജ്യത്തിന് പുറത്തായവരാണ്. എന്നാല്‍ ഇവരെല്ലാം തന്നെ തുടര്‍ന്ന് മികച്ച പ്രകടനം പുറത്തെടുക്കുകയും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമാവുകയും ചെയ്ത താരങ്ങളുമാണ്.

ആദ്യ മത്സരത്തില്‍ മങ്ങിയെങ്കിലും തുടര്‍ന്നുള്ള മത്സരത്തില്‍ താരം തിരിച്ചുവരുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ദി വില്ലേജില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. മഴ കൊണ്ടുപോയ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയീസ് നിയമപ്രകാരമായിരുന്നു ഇന്ത്യ വിജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഇ്ത്യക്ക് സാധിച്ചിരുന്നു.

ഓഗസ്റ്റ് 20നാണ് പരമ്പരയിലെ രണ്ടാം മത്സരം. ദി വില്ലേജ് തന്നെയാണ് വേദി.

Content highlight: Indian batters who out for a duck against Ireland in t20

Latest Stories

We use cookies to give you the best possible experience. Learn more