| Tuesday, 20th September 2022, 9:21 pm

കുങ്ഫൂ പാണ്ഡ്യ! അവസാന ഓവറില്‍ മാരക ഫിനിഷിങ്; തിരകൊളുത്തി രാഹുല്‍; ആറാടി സൂര്യകുമാര്‍; ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ബ്രാന്‍ഡ് ന്യൂ വെര്‍ഷന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ടീം ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഏഷ്യാ കപ്പില്‍ നിന്നും ഒരുപാട് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യന്‍ ടീം ഇറങ്ങിയതെങ്കിലും ചില സര്‍പ്രൈസ് ഇന്ത്യന്‍ ഇലവനിലുണ്ടായിരുന്നു. സൂപ്പര്‍താരം ജസ്പ്രീത് ബുംറക്ക് പകരം മത്സരത്തില്‍ വെറ്ററന്‍ താരം ഉമേഷ് യാദവാണ് കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

ബാറ്റിങ് ആരംഭിച്ചപ്പോള്‍ മുതല്‍ ഇന്ത്യന്‍ ടീം അക്രമണ ശൈലിയിലായിരുന്നു കളിച്ചത്. ആദ്യ ഓവറില്‍ തന്നെ സിക്‌സും ഫോറുമായാണ് നായകന്‍ രോഹിത് ശര്‍മ മത്സരത്തെ വരവേറ്റത്. എന്നാല്‍ രണ്ടാം ഓവറില്‍ 11 റണ്‍സുമായി അദ്ദേഹം മടങ്ങിയിരുന്നു. പിന്നീടെത്തിയ വിരാട് പെട്ടെന്ന് തന്നെ കളം വിട്ടു.

എന്നാല്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച കെ.എല്‍. രാഹുല്‍ സൂര്യകുമാറുമൊത്ത് മികച്ച കൂട്ടുക്കെട്ട് സൃഷ്ടിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഉയര്‍ത്തിയത്.

സ്പിന്നിനെയും പേസിനെയും ഒരുപോലെ ആക്രമിച്ച് കളിച്ച രാഹുല്‍ 35 പന്ത് നേരിട്ട് 55 റണ്‍സാണ് നേടിയത്. നാല് ഫോറും മൂന്ന് സിക്‌സറുമടിച്ചാണ് അദ്ദേഹം കളം നിറഞ്ഞത്. ഏറെ നാളായി ഉറങ്ങി കിടന്നിരുന്ന വിന്റേജ് രാഹുലിനെയാണ് മത്സരത്തില്‍ ഇന്ത്യ കണ്ടത്.

രാഹുലിന് മികച്ച സപ്പോര്‍ട്ടുമായി കളം നിറഞ്ഞു തന്നെയായിരുന്നു സൂര്യ കളിച്ചത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച സൂര്യ നാല് കൂറ്റന്‍ സിക്‌സും രണ്ട് ഫോറുമടിച്ചുകൊണ്ട് 25 പന്തില്‍ 46 റണ്‍സാണ് നേടിയത്. അദ്ദേഹമൗട്ടായതിന് ശേഷം കണ്ടത് ഹര്‍ദിക് പാണ്ഡ്യയുടെ അഴിഞ്ഞാട്ടമായിരുന്നു.

ഇന്ത്യന്‍ ടീമിലെ ഏറ്റവും പവര്‍ഫുള്‍ ബാറ്ററായ ഹര്‍ദിക് അദ്ദേഹത്തിന്റെ കരിയറിന്റെ പീക്ക് ടൈമിലാണ്. കഴിഞ്ഞ ഐ.പി.എല്‍ മുതല്‍ മികച്ച ഫോമില്‍ കളിക്കുന്ന അദ്ദേഹത്തിന്റെ മറ്റൊരു തീപ്പൊരി ഇന്നിങ്‌സിനാണ് മൊഹാലിയിലെ കാണികള്‍ സാക്ഷിയായത്.

വെറും 30 പന്ത് നേരിട്ട് 71 റണ്‍സാണ് ഹര്‍ദിക് അടിച്ചെടുത്തത്. ഏഴ് ഫോറും അഞ്ച് കൂറ്റന്‍ സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിനെ അലങ്കരിക്കുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാന മൂന്ന് പന്തും കാമറൂണ്‍ ഗ്രീനിനെ സിക്‌സടിച്ചുകൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്.

യാതൊരു പ്രഷറും കൂസലുമില്ലാതെയായിരുന്നു അദ്ദേഹം ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്. എല്ലാ ബൗളര്‍മാരെയും കൂളായി ബൗണ്ടറി കടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

20 ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ 208 റണ്‍സാണ് നേടിയത്.

Content Highlight: Indian Batters top performance against Australia in first T20I

We use cookies to give you the best possible experience. Learn more