അണ്ടര്‍ 19 യൂത്ത് ടെസ്റ്റ്; 332 പന്തില്‍ 282 റണ്‍സ്, റെക്കോഡിലേക്ക് ബാറ്റേന്തി പവന്‍ ഷാ
Cricket
അണ്ടര്‍ 19 യൂത്ത് ടെസ്റ്റ്; 332 പന്തില്‍ 282 റണ്‍സ്, റെക്കോഡിലേക്ക് ബാറ്റേന്തി പവന്‍ ഷാ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th July 2018, 9:18 pm

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ റെക്കോഡ് ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ പവന്‍ ഷാ. 332 പന്തില്‍ 282 റണ്‍സാണ് പവന്‍ ഷാ അടിച്ചെടുത്തത്.

യൂത്ത് ടെസ്റ്റില്‍ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്. 33 ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു പവന്‍ ഷായുടെ ഇന്നിംഗ്‌സ്. ഇന്ത്യയ്‌ക്കെതിരെ 1995 ല്‍ ഓസ്‌ട്രേലിയയുടെ ക്ലിന്‍ന്‍ പീക്ക് നേടിയ 304 റണ്‍സാണ് യൂത്ത് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍.

വ്യക്തിഗത സ്‌കോര്‍ 177 ല്‍ കളി തുടങ്ങിയ പവന്‍ ഒരോവറില്‍ ആറ് പന്തും ബൗണ്ടറി പായിച്ച് ലങ്കന്‍ ബൗളര്‍മാരുടെ ആക്രമണത്തിന്റെ മുനയൊടിച്ചു. 1982 ന് ശേഷം ക്രിക്കറ്റില്‍ ഒരു ബാറ്റ്‌സ്മാനും ഓവറില്‍ ആറ് ഫോര്‍ നേടിയിട്ടില്ല.

ALSO READ: ഓസിലിന് ആഴ്‌സനല്‍ വീടുപോലെയാകും: കോച്ച് ഉനായ് എമരി

പവന്റെ ഇന്നിംഗ്‌സ് മികവില്‍ 8 വിക്കറ്റിന് 613 റണ്‍സാണ് ഇന്ത്യ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ അഥര്‍വ ടൈഡിനൊപ്പം 263 റണ്‍സും പിന്നാലെ നിഖില്‍ വധേരക്കൊപ്പം 167 റണ്‍സും പവന്‍ കൂട്ടിച്ചേര്‍ത്തു. അഥര്‍വ 177 റണ്‍സും നിഖില്‍ 64 റണ്‍സുമെടുത്തു.

യൂത്ത് ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ  ഇന്ത്യന്‍ താരമാണ് പവന്‍. നേരത്തെ തന്‍മയ് ശ്രീവാസ്തവയാണ് യൂത്ത് ടെസ്റ്റില്‍ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയിട്ടുള്ള താരം. പാകിസ്ഥാനെതിരെ 220 റണ്‍സായിരുന്നു ശ്രീവാസ്തവ കുറിച്ചത്.

വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, പിയൂഷ് ചൗള, ഇഷാന്ത് ശര്‍മ്മ തുടങ്ങിയവരും അന്നത്തെ മത്സരത്തിലുണ്ടായിരുന്നു.

WATCH THIS VIDEO: